
തൃശൂർ: തൃശൂർ പൂരത്തെ രാഷ്ട്രീയ വിജയത്തിന് ആരെങ്കിലും കരുവാക്കിയിട്ടുണ്ടോയെന്നത് ജനങ്ങൾ അറിയേണ്ട കാര്യമാണെന്ന് സിപിഐ നേതാവ് വി എസ് സുനിൽകുമാർ. പൂരവുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കണമെന്നും അടുത്ത പൂരം വരുമ്പോൾ ഈ പ്രശ്നത്തിൽ വ്യക്തതയുണ്ടാകണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'തൃശൂർ പൂരത്തെ എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി ഉപയോഗപ്പെടുത്തി. അതിന് പിന്നിൽ ആരൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്ന കാര്യം ജനങ്ങൾ അറിയണം. ദേവസ്വം ബോർഡിനെ ഞാൻ പഴിക്കുന്നില്ല. അവർ പൂരം നടത്താൻ വരുന്നവരാണ്. അത് ഒരു പൊതു സംവിധാനമാണ്. ഒരു ദേശത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്താൻ വേണ്ടി ശ്രമിക്കുന്നവരാണ് ദേവസ്വം ബോർഡ് അധികൃതർ. ഈ പൂരം നിർത്തിവയ്ക്കാൻ ആരാണ് തീരുമാനിച്ചത്? എന്താണ് അതിന് കാരണം. പൂരത്തിനിടെ ഇത്രയും പ്രശ്നം നടക്കുമ്പോഴാണ് അവിടെയ്ക്ക് പലരും ആംബുലൻസിൽ വരുന്നത്.
കേരളം മുഴുവൻ പിടിച്ചുക്കുലുക്കുന്ന ചർച്ചയായി ഇത്. പ്രതികൂട്ടിൽ നിർത്തിയത് ഇടതുപക്ഷത്തെയാണ്. രാഷ്ട്രീയത്തിലെ വിജയവും തോൽവിയുമല്ല പ്രശ്നം. തൃശൂർ പൂരം ആരാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തണം. മന്ത്രി കെ രാജനും ഞാനും പരസ്പരം സംസാരിച്ച് കാര്യങ്ങളിൽ ഇടപെടുന്നുണ്ട്. ആംബുലൻസിൽ എൻഡിഎ സ്ഥാനാർത്ഥി എത്തിയത് പരിശോധിക്കണം. തൃശൂർ പൂരം കലക്കി രാഷ്ട്രീയ വിജയം ആരെങ്കിലും നേടിയിട്ടുണ്ടോയെന്നാണ് എനിക്ക് അറിയാനുള്ളത്. ഈ പ്രശ്നത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. പാർട്ടിയുമായി ആലോചിച്ച് മുന്നോട്ട് പോകും',- വി എസ് സുനിൽകുമാർ വ്യക്തമാക്കി.