
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത്ത് ശർമ്മയ്‌ക്കും മുൻ നായകൻ വിരാട് കൊഹ്‌ലിക്കും ബിസിസിഐ നൽകുന്ന പ്രത്യേക പരിഗണനയിൽ എതിർപ്പുമായി പഴയ കാല ഇന്ത്യൻ താരം. ടെസ്‌റ്റിൽ തീർത്തും ഫോം ഔട്ടായ രോഹിത്തിനും കൊഹ്‌ലിയ്‌ക്കും ഇവരുടെ ഫോം വീണ്ടെടുക്കാൻ ദുലീപ് ട്രോഫിയിൽ കളിപ്പിക്കാതെ വിശ്രമം അനുവദിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. ഇത് ഇവർക്ക് പ്രത്യേക പരിഗണന നൽകുന്നതിന്റെ സൂചനയാണെന്നും ഇത് ഇന്ത്യൻ ക്രിക്കറ്റിനും മറ്റ് കളിക്കാർക്കും ദോഷം ചെയ്യുമെന്നും മുൻ ഇന്ത്യൻ താരമായ സഞ്ജയ് മഞ്ജരേക്കറാണ് വിമർശിച്ചത്.
ബംഗ്ളാദേശ് പരമ്പരയ്‌ക്കുള്ള മറ്റ് ടീമംഗങ്ങളെ തിരഞ്ഞെടുത്തതുപോലെയല്ല രോഹിത്തിനെയും കൊഹ്‌ലിയെയും ബുമ്രയെയും തിരഞ്ഞെടുത്തത്. മറ്റ് കളിക്കാരെല്ലാം ദുലീപ് ട്രോഫി കളിച്ച ശേഷമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ മാസത്തിൽ നടന്ന ട്വന്റി 20 ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന ബുമ്രയും കൊഹ്‌ലിയും രോഹിത്തും പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത് അന്നാണ്.
ബുമ്ര ആദ്യ ഇന്നിംഗ്‌സിൽ 50 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി ഫോമിലെന്ന് അറിയിച്ചെങ്കിലും രോഹിത്തും കൊഹ്‌ലിയും അമ്പേ പരാജയപ്പെട്ടു. രണ്ട് ഇന്നിംഗ്‌സിലുമായി രോഹിത്ത് നേടിയത് 11 റൺസ് മാത്രമാണ്. അതേസമയം കൊഹ്‌ലിയാകട്ടെ നേടിയത് 23 റൺസാണ്. കൊഹ്‌ലി ജനുവരി മാസത്തിന് ശേഷം ടെസ്‌റ്റ് കളിച്ചിട്ടുമില്ലായിരുന്നു. ചില കളിക്കാർക്ക് മാത്രം സ്‌റ്റാറ്റസ് പരിഗണിച്ച് പ്രത്യേക പരിഗണന നൽകരുതെന്ന് സഞ്ജയ് മഞ്ജരേക്കർ സെലക്‌ടർമാരോട് ആവശ്യപ്പെട്ടു. ദുലീപ് ട്രോഫിയിൽ റെഡ് ബോളിൽ കളിച്ച് പരിചയം ലഭിച്ചിരുന്നെങ്കിൽ ചെന്നൈ ടെസ്‌റ്റിന്റെ സമയത്ത് കൊഹ്‌ലിയും രോഹിത്തും ഫോമിലേക്ക് ഉയർന്നേനെ എന്നാണ് മഞ്ജരേക്കർ പറയുന്നത്.
എന്നാൽ കാൺപൂരിലെ അടുത്ത ടെസ്‌റ്റിൽ ഫോമിലായി തിരികെ മടങ്ങിവന്ന് മികച്ച പ്രകടനം തന്നെ പുറത്തിറക്കി മടങ്ങിവരാൻ സാധിക്കുന്നവരാണ് ഇവരെന്നും മഞ്ജരേക്കർ പറഞ്ഞു. അതിനുള്ള ക്ളാസും അനുഭവപരിചയവും അവർക്കുണ്ട്. ഈ വർഷം ഇതുവരെ നാല് ഇന്നിംഗ്സിലാണ് കൊഹ്‌ലി ബാറ്റ് ചെയ്‌തത്. ഇതിൽ 81 റൺസ് മാത്രമാണ് നേടിയത്. അദ്ദേഹത്തിന്റെ ആവറേജ് കഴിഞ്ഞ എട്ട് വർഷത്തിലാദ്യമായി 48.74 ആയി കുറഞ്ഞു.
കൊഹ്‌ലിയും രോഹിത്തും നിറം മങ്ങിയെങ്കിലും ഇന്ത്യ അശ്വിന്റെയും ജഡേജയുടെയും ഓൾറൗണ്ട് മികവിൽ 280 റൺസിന് വിജയിച്ചിരുന്നു. അശ്വിനൊപ്പം ഗില്ലും റിഷഭ് പന്തും സെഞ്ച്വറി നേടിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ അതികായന്മാരാണ് എന്നതുകൊണ്ട് ചില താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റിൽ പ്രത്യേക പരിഗണന ലഭിക്കുന്നത് എത്രോ കാലമായി കാണുന്നു. ഇത്തരം പ്രത്യേക പരിഗണന ആ താരത്തിനും ഇന്ത്യൻ ക്രിക്കറ്റിനുമാണ് ദോഷം ചെയ്യുക.