
മുംബയ്: എഴുത്തുകാരിയും ചലച്ചിത്ര പ്രവർത്തകയുമായ മധുര പണ്ഡിറ്റ് (86) അന്തരിച്ചു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ അന്തരിച്ച പണ്ഡിറ്റ് ജസ്‌രാജിന്റെ ഭാര്യയാണ്. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് മുംബയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട്
മുംബയ് ഓഷിവാരയിലെ ശ്‌മശാനത്തിൽ സംസ്‌കാരം നടന്നു. നിരവധി നാടകങ്ങൾ നിർമ്മിക്കുകയും
കഥ, തിരക്കഥ എന്നിവ എഴുതുകയും ചെയ്തിട്ടുണ്ട്. 73-ാം വയസിൽ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച് ഏറ്റവും പ്രായമേറിയ വ്യക്തി എന്ന റെക്കാഡും കരസ്ഥമാക്കി. സംഗീത് മാർതണ്ട് പണ്ഡിറ്റ് ജസ്‌രാജ്, ആയി തുസാ ആശിർവാദ് എന്നീ സിനിമകൾ സംവിധാനം ചെയ്തു.
പിതാവ് വിഖ്യാത സിനിമാ സംവിധായകൻ ശാന്താറാമിന്റെ ജീവിതം ആസ്പദമാക്കിയുള്ള വി. ശാന്താറം: ദ മാൻ ഹു ചേഞ്ച്ഡ് ഇന്ത്യൻ സിനിമ, ശാന്താരാമ തുടങ്ങി പുസ്തകങ്ങൾ രചിച്ചു. മക്കൾ: സംഗീത സംവിധായകൻ ശാരംഗ്‌ദേവ് പണ്ഡിറ്റ്, ദുർഗ ജസ്‌രാജ്.