
പത്തനംതിട്ട: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിൽ ജവാൻ മദ്യത്തിന്റെ ഉല്പാദനം കൂട്ടിയതിനെ തുടർന്ന് വരുമാനം കുതിച്ചുയർന്നു. പ്രതിദിനം 8,000 കെയ്സ് (ഒരു ലിറ്ററിന്റെ ഒമ്പത് കുപ്പി) മദ്യം ഉല്പാദിപ്പിച്ചിരുന്ന കമ്പനിയിൽ ഇപ്പോൾ 12,000 കെയ്‌സ് ആയി ഉയർത്തി. കേരളത്തിലുടനീളം മദ്യത്തിന്റെ വില്പന കൂടിയതും ലാഭം കൂടാൻ സഹായിച്ചു. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷം 8.18 കോടി രൂപയായി ലാഭം വർദ്ധിച്ചു. 2013-14 കാലയളവിൽ 2.98 കോടി രൂപയുടെ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനി പടിപടിയായി ലാഭത്തിലേക്ക് മുന്നേറുകയായിരുന്നു. 118 കോടിയുടെ വിറ്റുവരവാണ് ഇപ്പോൾ കമ്പനിക്ക് ലഭിക്കുന്നത്. ഒരു ലിറ്ററിന്റെ കുപ്പിയിൽ നിന്ന് 2.25 രൂപ ലാഭം കിട്ടുന്നു.
മൂന്ന് സ്ഥിരം ജീവനക്കാർ, 24 താത്കാലിക ജീവനക്കാർ, 150 കുടുംബശ്രീ ജീവനക്കാർ, 16 സെക്യൂരിറ്റി, 14 ലോഡിങ്ങ് തൊഴിലാളികളുമാണ് ഇവിടെയുള്ളത്.കഴിഞ്ഞവർഷം ഏപ്രിലിൽ ഫാക്ടറിയിൽ പുതിയതായി സ്ഥാപിച്ച രണ്ട് ബെൽറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തിരുന്നു. പുതിയ ബെൽറ്റുകൾകൂടി സ്ഥാപിച്ചതോടെ ഒരുദിവസം 15,000 കെയ്സ് വരെ പരമാവധി മദ്യം ഉത്പാദിപ്പിക്കാനാകും. കുപ്പികളിൽ മദ്യംനിറച്ച് സ്റ്റിക്കർ പതിക്കുന്ന ജോലികൾ കുടുംബശ്രീ പ്രവർത്തകരാണ് ചെയ്യുന്നത്.
ആവശ്യക്കാരേറെ, ഉല്പാദനം കുറവ്
ജവാൻ സ്‌പെഷ്യൽ റം ഒരുലിറ്റർ കുപ്പികളിലാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പുതിയതായി 750 മില്ലിയുടെ കുപ്പിയിലും മദ്യം പുറത്തിറക്കുന്നുണ്ട്, ജവാൻ റമ്മിന് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും അതിന്റെ 20 ശതമാനം മാത്രമേ ഇവിടെ ഉത്പാദിപ്പിക്കാനാകുന്നുള്ളൂ. കൊവിഡിന് ശേഷം 2020-21ൽ കാലയളവിൽ വില കുറച്ചതോടെ വില്പന കൂടി. 8.50 കോടിയുടെ ലാഭമാണ് കമ്പനി അന്ന് കൈവരിച്ചത്. ഇത് എക്കാലത്തെയും വലിയ ലാഭമാണ്.
കമ്പനിയുടെ പ്രവർത്തനം
2013 - 14 : 2.98 കോടി നഷ്ടം
2014 - 15 : 1.67 കോടി ലാഭം
2015 - 16 : 3.18 കോടി ലാഭം
2016 - 17 : 3.39 കോടി ലാഭം
2017 - 18 : 2.87 കോടി ലാഭം
2018 - 19 : 6.40 കോടി ലാഭം
2019 - 20 : 2.94 കോടി ലാഭം
2020 - 21 : 8.50 കോടി ലാഭം
2021 - 22 : 1.33 കോടി ലാഭം
2൦22 - 23 : 2.92 കോടി ലാഭം
2023 - 24 ; 8.18 കോടി ലാഭം