
കൊല്ലം: ഊരിമാറ്റാവുന്ന സിം കാർഡുകൾക്ക് പകരം മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന ഇ - സിമ്മുകളുടെ (എംബഡഡ് സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ) പേരിൽ തട്ടിപ്പ് വ്യാപകമാവുന്നു. മൊബൈൽ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന വരുന്ന ഫോൺ കോളുകളിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ സംഘം കൈവശപ്പെടുത്തി പണം ചോർത്തും.
സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ 20 കേസുകളാണ് ഇ-സിം തട്ടിപ്പിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. സ്ത്രീകളും പ്രായമായവരുമാണ് കൂടുതലായി ഇരകളാവുന്നതെന്ന് സൈബർ സെൽ അധികൃതർ പറഞ്ഞു. വിനോദ സഞ്ചാരികളാണ് ഇ-സിമ്മുകൾ കൂടുതലായി ഉപയോഗിക്കുന്നത്. വിവിധ കണക്ഷനുകൾക്കായി സിമ്മുകൾ കൊണ്ട് നടക്കേണ്ട എന്നതും ഒരു നമ്പരും ഒരു പ്ലാനും വിവിധ ഫോണുകളിൽ ഉപയോഗിക്കാമെന്നതുമാണ് ഇ-സിമ്മിന്റെ പ്രത്യേകത. സേവനദാതാക്കളുടെ ഓഫീസുകളിൽ നേരിട്ടുപോകാതെ ഓൺലൈൻ വഴി ഇ- സിം ആക്ടിവേറ്റ് ചെയ്യാനാകും.
ക്യുആർ കോഡിലൂടെ വിവരങ്ങൾ ചോർത്തും
സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന പേരിൽ വിളി
ഉപഭോക്താവ് സേവനദാതാവിന്റെ വെബ്സൈറ്റിൽ കയറിയ ശേഷം വിവരങ്ങൾ നൽകുമ്പോൾ 32 അക്ക ഇ-ഐഡി ലഭിക്കും
ഈ നമ്പർ ഉപയോഗിച്ച് ഇ- സിം ആക്ടിവേറ്റ് ചെയ്യാം
ആക്ടിവേറ്റ് ചെയ്യുമ്പോൾ ഉപഭോക്താവിന്റെ മെയിലിൽ ക്യു ആർ കോഡ് ലഭിക്കും
ക്യു ആർ കോഡ് വെരിഫിക്കേഷൻ എന്ന പേരിൽ തട്ടിപ്പ് സംഘം തങ്ങളുടെ വാട്സ് ആപ്പ് നമ്പറിലേക്ക് കോഡ് അയയ്ക്കാൻ നിർദ്ദേശിക്കും
ഇത് ലഭിക്കുന്നതോടെ 24 മണിക്കൂറിനകം സിം പൂർണമായും ആക്ടീവാകുമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യും
തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ തട്ടിപ്പ് സംഘം കൈക്കലാക്കും
പിന്നീട് അധികം വൈകാതെ അക്കൗണ്ടിലെ പണം ചോർത്തും
തട്ടിപ്പിന് ഇരയായാൽ
ഇ-സിം തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം അടുത്തുള്ള സൈബർ പൊലീസ് സ്‌റ്റേഷനിലും സ്വന്തം ബാങ്കിലും മൊബൈൽ സേവന ദാതാക്കളെയും വിവരം അറിയിക്കണം. സിം പൂർണമായും ബ്ലോക്ക് ചെയ്യണം. എല്ലാ ഡിജിറ്റൽ അക്കൗണ്ടുകൾക്കും 'ടു സ്റ്റെപ്പ് വേരിഫിക്കേഷൻ' എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണം. ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതിനായി മെയിലിൽ ലഭിക്കുന്ന ക്യു.ആർ കോഡ് ആരുമായും പങ്കുവയ്ക്കരുത്.
ജില്ലയിൽ ഇതുവരെ ഇ-സിം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം .
സൈബർ സെൽ അധികൃതർ