mahalakshmi

ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിച്ച കേസിലെ അന്വേഷണം സഹപ്രവർത്തകനിലേക്ക്. ബിഹാർ സ്വദേശിനി മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ സഹപ്രവർത്തകന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. സഹപ്രവർത്തകനായ മുക്തിയെന്ന ആളെയാണ് പൊലീസ് സംശയിക്കുന്നത്.

മുക്തിയ്ക്ക് മഹാലക്ഷ്മി മറ്റ് പുരുഷന്മാരോട് സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. മുക്തിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഒഡീഷ - പശ്ചിമബംഗാൾ അതിർത്തിക്ക് സമീപം ഇയാൾ ഉണ്ടാകുമെന്നും തെരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

മഹാലക്ഷ്മിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും അവളുടെ കാമുകനാണ് കൊലപ്പെടുത്തിയതെന്നുമാണ് ഭർത്താവ് ഹേമന്ത് ദാസ് ദേശീയ മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞത്.

വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. ദുര്‍ഗന്ധം വമിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രദേശത്ത് മാലിന്യങ്ങളുള്ളതിനാല്‍ അതിനുള്ളില്‍ നിന്നാകുമെന്നാണ് നാട്ടുകാര്‍ ആദ്യംകരുതിയത്.

എന്നാല്‍, അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് മനസിലായതോടെ അയല്‍ക്കാര്‍ കെട്ടിട ഉടമയെ വിവരമറിയിച്ചു. ഇതേ കെട്ടിടത്തില്‍ താഴത്തെ നിലയിലായിരുന്നു ഉടമയും താമസിച്ചിരുന്നത്. തുടര്‍ന്ന് കെട്ടിട ഉടമ, സമീപത്ത് താമസിക്കുന്ന മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും വിവരമറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തില്‍ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

സെപ്തംബർ ഒന്ന് മഹാലക്ഷ്മി ജോലിയ്ക്ക് എത്തിയിരുന്നു. സെപ്റ്റംബര്‍ രണ്ടാം തീയതി മുതൽ മഹാലക്ഷ്മിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകം നടന്നത് ഈ ദിവസമായിരിക്കാമെന്ന് പൊലീസ് കരുതുന്നത്. സെപ്തംബർ 21നാണ് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ നിന്ന് കണ്ടെത്തുന്നത്. പോസ്റ്റ്മോർട്ടത്തിൽ മൃതദേഹം 59 കഷ്ണങ്ങളാക്കിയതായി കണ്ടെത്തി.