fxdv

ഏറ്റുമുട്ടലെന്ന് വിശ്വസിക്കാനാവില്ലെന്ന് കോടതി

മുംബയ്: മഹാരാഷ്ട്രയിലെ ബദ്ലാപുരിൽ നഴ്സറിക്കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അക്ഷയ് ഷിൻഡേ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. ഏറ്റുമുട്ടലാണെന്ന് പ്രഥമ ദൃഷ്ട്യാ വിശ്വസിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

വ്യാജ ഏറ്റുമുട്ടലിൽ അക്ഷയിനെ കൊലപ്പെടുത്തിയെന്ന പിതാവിന്റെ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

എന്തിനാണ് പ്രതിയുടെ തലയ്ക്ക് വെടി വച്ചത്. അത് ഒഴിവാക്കാമായിരുന്നു. പ്രതിയെ കീഴടക്കാൻ പൊലീസുകാർക്ക് കഴിയുമായിരുന്നില്ലേ. പൊലീസിന് അത് സാധിച്ചില്ലെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു. പ്രതി പൊലീസിന്റെ പിസ്റ്റൾ തട്ടിയെടുത്ത് മൂന്ന് തവണ വെടിവച്ചെന്നാണ് പറയുന്നത്. ഒന്ന് മാത്രമേ പൊലീസ് ഉദ്യോഗസ്ഥന് കൊണ്ടുള്ളൂ. ബാക്കി ബുള്ളറ്റുകൾ എവിടെ. പരിശീലനമില്ലാതെ ഒരാൾക്ക് പിസ്റ്റൾ പെട്ടെന്ന് അൺലോക്ക് ചെയ്യാനും ഉപയോഗിക്കാനും കഴിയില്ല. പ്രതിയുടെ മുട്ടിന് താഴെ വെടിവയ്ക്കാമായിരുന്നല്ലോ എന്നും കോടതി ചോദിച്ചു.

ഉദ്യോഗസ്ഥർക്ക് ചിന്തിക്കാൻ സമയം കിട്ടിയില്ലെന്നും പെട്ടെന്നുണ്ടായ പ്രതികരണമാണെന്നും സർക്കാർ മറുപടി നൽകി.

പ്രതി ജയിലിൽ നിന്ന് ഇറങ്ങിയതു മുതൽ കൊല്ലപ്പെടുന്നതുവരെയുള്ള സി.സിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ കോടതി നിർദ്ദേശിച്ചു. തിങ്കളാഴ്ച വൈകിട്ട് അക്ഷയിനെ തലോജ ജയിലിൽ നിന്ന് ബദ്ലാപുരിലേക്ക് കൊണ്ടുവരും വഴി മുംബയിലായിരുന്നു സംഭവം. പൊലീസുകാരന്റെ പിസ്റ്റൾ തട്ടിയെടുത്ത് അക്ഷയ് വെടി വച്ചെന്നും തങ്ങൾ തിരിച്ചടിച്ചെന്നുമാണ് പൊലീസ് ഭാഷ്യം. ഗുരുതരമായി പരിക്കേറ്റ അക്ഷയിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കത്തിപ്പടർന്ന് വിവാദം

നഴ്സറിക്കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂളിലെ ശുചീകരണത്തൊഴിലാളി അക്ഷയ് ആഗസ്റ്റ് 17നാണ് അറസ്റ്റിലായത്.

വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ സംഘടനകളും പ്രതിയുടെ കുടുംബവും ആരോപിച്ചതോടെ മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ വിവാദമായി. പൊലീസിനും സർക്കാരിനുമെതിരെ രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തി. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ശിവസേനയും എം.എൻ.എസും ഏറ്രുമുട്ടലിൽ പങ്കെടുത്ത പൊലീസുദ്യോഗസ്ഥർക്ക് പാരിതോഷികം പ്രഖ്യാപിച്ചതും

വിവാദമായി.