
ന്യൂഡൽഹി : ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ വേണ്ടി അസർബൈജാനിലെ ചെസ് ടൂർണമെന്റ് ഉപേക്ഷിച്ച് മടങ്ങിയെത്തി വിദിത്ത് ഗുജറാത്തി. ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അഗമാണ് വിദിത്ത്.
ഒളിമ്പ്യാഡ് കഴിഞ്ഞ് വിദിത്ത് നേരേ പോയത് അസർബൈജാനിലെ ബാക്കുവിലേക്കാണ്. അവിടെ വ്യൂഗർ ഗഷിമോവ് മെമ്മോറിയൽ ചെസ് സൂപ്പർ ടൂർണമെന്റിൽ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. ഈ ടൂർണമെന്റിലെ നിലവിലെ ജേതാവാണ് വിദിത്ത്. ബാക്കുവിലെത്തിയപ്പോഴാണ് ഒളിമ്പ്യാഡ് ജേതാക്കളെ അനുമോദിക്കാൻ പ്രധാനമന്ത്രി വ്യാഴാഴ്ച ( ഇന്ന് ) സമയം നൽകിയിരിക്കുന്നതായി അറിയിപ്പ് ലഭിച്ചത്. ഇതോടെ കിരീടം നിലനിറുത്താൻ നിൽക്കാതെ പ്രധാനമന്ത്രിയെക്കാണാൻ ഡൽഹിക്ക് തിരിക്കുകയായിരുന്നു വിദിത്ത്.
താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രധാനമന്ത്രിയെ കാണാൻ ലഭിച്ച അവസരത്തിൽ താൻ അതീവ സന്തുഷ്ടനാണെന്നും അത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിദിത്ത് അറിയിച്ചു. ടൂർണമെന്റിൽ വിദിത്തിന് പകരം സംഘാടകർ മറ്റൊരു ഇന്ത്യൻ താരം അരവിന്ദ് ചിദംബരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.