
ചെസ്റ്റർ ലെ സ്ട്രീറ്റ് : അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ചിരുന്ന നിലവിലെ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ മൂന്നാം മത്സരത്തിൽ തിരിച്ചടിച്ച് തോൽപ്പിച്ച് ഇംഗ്ളണ്ട്. ചെസ്റ്റർ ലെ സ്ട്രീറ്റിൽ നടന്ന മൂന്നാം മത്സരത്തിൽ ഡക്ക്‌വർത്ത് - ലൂയിസ് മഴനിയമമനുസരിച്ചാണ് ഇംഗ്ളണ്ടിന് 46 റൺസ് ജയം നിശ്ചയിച്ചത്.
ആദ്യം ബാറ്റ്ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 304 റൺസ് എടുത്തിരുന്നു. മറുപടിക്ക് ഇറങ്ങിയ ഇംഗ്ളണ്ട് 37.4 ഓവറിൽ 254/4 എന്ന സ്കോറിലെത്തിയപ്പോൾ മഴ കളി തടസെപ്പടുത്തി. തുടർന്നാണ് മഴ നിയമം ഉപയോഗിച്ച് വിജയിയെ നിർണയിച്ചത്. 94 പന്തുകളിൽ 13 ഫോറുകളും രണ്ട് സിക്സുകളുമടക്കം പുറത്താകാതെ 110 റൺസ് നേടിയ നായകൻ ഹാരി ബ്രൂക്കും 84 റൺസ് നേടിയ വിൽ ജാക്സും ചേർന്നാണ് ഇംഗ്ളണ്ടിനെ ജയത്തിലെത്തിച്ചത്.