
ഇന്ധനവില സെഞ്ച്വറിയിൽ നിന്ന് താഴേക്ക് വരാതെ മടിപിടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പരമ്പരാഗതമായി പെട്രോൾ-ഡീസൽ വാഹനങ്ങളോടുള്ള ഇന്ത്യക്കാരുടെ ഇഷ്‌ടം ഈ ഘട്ടത്തിൽ ഇല്ലാതെയായി. ഇപ്പോൾ എല്ലാവരും ഇലക്‌ട്രിക് വാഹനങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഇഷ്‌ടപ്പെടുകയാണ്. രാജ്യത്തെ ഇലക്‌ട്രിക് ഇരുചക്ര- കാർ വിപണിയിൽ കഴിഞ്ഞ കുറച്ചുനാളുകളായി വലിയ വർദ്ധന അങ്ങനെ ഉണ്ടായി. തങ്ങളുടെ ജനപ്രിയ വാഹനത്തിന്റെ ഇലക്‌ട്രിക് വകഭേദം വിവിധ കമ്പനികൾ പുറത്തിറക്കാൻ തുടങ്ങി. പലതിനും മികച്ച സ്വീകരണവും ലഭിക്കുന്നുണ്ട്.
ഇന്ത്യക്കാരുടെ ഏറ്റവും ഉറപ്പുള്ള കാർ കമ്പനിയായ ടാറ്റയും ഒരുകാലത്തെ അവരുടെ ഒരു ജനപ്രിയ ബ്രാൻഡിനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. അതും ഇലക്‌ട്രിക് വകഭേദമായാണ്. ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപയ്‌ക്ക് ഒരു കാർ എന്ന പേരിൽ വന്ന നാനോയാണ് ഇനി ഇലക്‌ട്രിക് ആയി ഇന്ത്യൻ നിരത്തുകളിൽ എത്താൻ പോകുന്നത്.
ഇലക്‌ട്രിക് പവർ സ്റ്റിയറിംഗ് എസി, ഫ്രണ്ട് പവർ വിൻഡോ, ബ്ളൂടൂത്ത് എന്നിവ ടാറ്റ നാനോ ഇവിയിൽ പ്രതീക്ഷിക്കാം. മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ളേ, റിമോട്ട് ലോക്കിംഗ് സിസ്റ്റം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ കണക്‌ടിവിറ്റി എന്നിവയെല്ലാം കാറിലുണ്ടാകും. ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേ, ഇൻഫോടെയിൻമെന്റ് സിസ്‌റ്റം, ആറ് സ്‌പീക്കർ സൗണ്ട് സിസ്‌റ്റം ഇവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
നഗരങ്ങളിലെ ഉപയോഗം മനസിൽ കണ്ടാണ് ടാറ്റ നാനോ ഇവിയെ രൂപകൽപന ചെയ്‌തത്. 200-220 കിലോമീറ്റർ റേഞ്ചിൽ വരുന്ന നാനോയ്‌ക്ക് ഭാരം കുറവാകും എന്നാണ് സൂചനകൾ. ഇലക്‌ട്രിക് മോട്ടോറിനൊപ്പം 15.5 മുതൽ 20 കിലോവാട്ട് ലിഥിയം ബാറ്ററിയാണ് ഉണ്ടാകുക.
നിലവിലെ ഇലക്‌ട്രിക് കാറുകളിൽ എംജി കോമറ്റ് ആണ് ഏറ്റവും വിലക്കുറവിൽ ലഭിക്കുന്നത്. ഏഴ് ലക്ഷം രൂപയാണ് കോമറ്റിന്റെ വില. ടിയാഗോ ഇവിയുടെ വില 7.99 ലക്ഷമാണ്. ഇതിലും കുറവ് തന്നെയാകും നാനോയുടെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.