rishabh

ദുബായ് : കാറപകടത്തെത്തുടർന്ന് രണ്ടുവർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ റിഷഭ് പന്ത് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിനുള്ളിലേക്കും തിരിച്ചെത്തി. ബംഗ്ളാദേശിനെതിരെ ചെന്നൈ ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി നേടിയ റിഷഭ് പന്ത് ആറാം റാങ്കിലേക്കാണ് തിരിച്ചെത്തിയത്. യശസ്വി ജയ്സ്വാൾ ഒരു പടവ് കയറി അഞ്ചാം സ്ഥാനത്തും ശുഭ്മാൻ ഗിൽ അഞ്ചുപടവ് കയറി 14-ാം സ്ഥാനത്തുമെത്തി. അതേസമയം ചെന്നൈയിൽ നിരാശപ്പെടുത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും മുൻ നായകൻ വിരാട് കൊഹ്‌ലിക്കും റാങ്കിംഗിൽ അഞ്ചുസ്ഥാനങ്ങൾ വീതം ഇടിവ് സംഭവിച്ചു. രോഹിത് പത്താം സ്ഥാനത്തും കൊഹ്‌ലി 12-ാം സ്ഥാനത്തുമാണ്. ജോ റൂട്ടാണ് ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമത്.

ബൗളർമാരിൽ രവിചന്ദ്രൻ അശ്വിൻ ഒന്നാമതും ജസ്പ്രീത് ബുംറ രണ്ടാമതും തുടരുന്നു.ജഡേജ ഒരുപടവ് കയറി ആറാമതെത്തി.ആൾറൗണ്ടർമാരുടെ പട്ടികയിൽ ജഡേജ ഒന്നാമതും അശ്വിൻ രണ്ടാമതുമാണ്. അക്ഷർ പട്ടേൽ ആറാമതുണ്ട്. ടെസ്റ്റ് ടീം റാങ്കിംഗിൽ ഓസ്ട്രേലിയയാണ് ഒന്നാമത്. ഇന്ത്യ രണ്ടാമതുണ്ട്.