
ചെന്നൈ: നടൻ ജയം രവിയും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ വീണ്ടും ചർച്ചയാകുന്നു. വിവാഹ മോചന വാർത്ത പുറത്തുവിട്ട് വിവാദമായതിനു പിന്നാലെ ഭാര്യക്കെതിരെ പുതിയ ആരോപണവുമായി ജയം രവി രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യ തന്നെ
വീട്ടിൽനിന്ന് പുറത്താക്കിയതായും ഇ.സി.ആർ റോഡിലെ ഭാര്യയുടെ വസതിയിൽ നിന്ന് തന്റെ സാധനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണമെന്നും
ജയം രവി പൊലീസിൽ പരാതി നൽകിയെന്നാണ് റിപ്പോർട്ട്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ ജയം രവി സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തു. ആർതിയായിരുന്നു ജയം രവിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. അക്കൗണ്ടുകളുടെ ആക്സസ് വീണ്ടെടുത്ത ശേഷമാണ് ചിത്രങ്ങൾ നീക്കിയത്. 15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ തങ്ങൾ പിരിയുകയാണെന്ന് ഈ മാസം ഒൻപതിന് ജയം രവി അറിയിച്ചിരുന്നു.
പിന്നാലെ അത് ഏകപക്ഷീയമായ തീരുമാനമാണെന്നും താൻ വിവാഹമോചനത്തിന് ഇനിയും തയാറായിട്ടില്ലെന്നും വ്യക്തമാക്കി ആർതി രംഗത്തെത്തി. അതേസമയം, ഉടനെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിമയപോരാട്ടം തുടങ്ങുമെന്ന് രവി വ്യക്തമാക്കി.