d

ചെന്നൈ: ജോലിക്കിടെ ലിപ്സ്റ്റിക് ഉപയോഗിച്ചതിന് തമിഴ്നാട്ടിലെ ആദ്യ വനിത ദഫേദാറിനെതിരെ നടപടി. ഗ്രേറ്റർ ചെന്നൈയിലെ ദഫേദാർ എസ്.ബി മാധവിയെ സ്ഥലം മാറ്റാനാണ് ഉത്തരവ്. മേയറുടെ അകമ്പടി സംഘത്തിലുണ്ടായിരുന്ന ആദ്യ വനിതയായിരുന്നു മാധവി. ജോലിക്ക് വരുമ്പോൾ ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്ന് മാധവിയോട് കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. ഓഗസ്റ്റ് ആറിന് ലഭിച്ച മെമ്മോയ്ക്ക് മാധവി മറുപടി നൽകിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ലിപ്സ്റ്റിക് ധരിക്കുന്നത് കുറ്റകരമാണെങ്കിൽ അത് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവ് കാണിക്കണമെന്ന് മേയർ ആർ. പ്രിയയുടെ പി.എ ശിവശങ്കറിനെ മാധവി അറിയിച്ചിരുന്നു. ഇത്തരം നിർദ്ദേശങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന് മാധവി പ്രതികരിച്ചു. ജോലി സമയത്ത് കൃത്യമായി എത്താതിരിക്കുക, മുതിർന്നവരുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാണ് മെമ്മോയിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ അത്തരത്തിലൊന്നും താൻ ചെയ്‌തിട്ടില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം ലിപ്സ്റ്റിക് ഉപയോഗിച്ചതിനല്ല സ്ഥലംമാറ്റമെന്നും ജോലിയിലുള്ള അലംഭാവമാണ് കാരണമെന്നുമാണ് അധികൃതർ പറയുന്നത്. വനിതാദിനാഘോഷത്തിന്റെ ഭാ​ഗമായി നടന്ന ഫാഷൻ ഷോയിൽ മാധവി പങ്കെടുത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നുവെന്നും

ഓഫീസിൽ കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ധരിക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നതായും മേയർ പ്രിയ പറ‍ഞ്ഞു.