cricket

ഇന്ത്യ- ബംഗ്ളാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെമുതൽ കാൺപൂരിൽ

ഗ്രീൻപാർക്ക് സ്റ്റേഡിയത്തിന്റെ ഗാലറി അപക‌ടാവസ്ഥയിലെന്ന് റിപ്പോർട്ട്

കാൺപൂർ : ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാനിറങ്ങുമ്പോൾ എപ്പോഴും അടിച്ചു പൊളിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. എന്നാൽ നാളെ ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുന്ന കാൺപൂരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ആ ആഗ്രഹം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം സ്റ്റേഡിയത്തിന്റെ ഗാലറിയുടെ ഒരുഭാഗം വളരെ അപക‌ടാവസ്ഥയിലാണ്. ആവേശംകൊണ്ട് കാണികൾ ആരെങ്കിലും ചാടിത്തുള്ളിയാൽ ഗാലറി ഇടിഞ്ഞുവീണുപോകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ്. ഗാലറിയുടെ സി സ്റ്റാൻഡിൽ കാണികളെ പ്രവേശിപ്പിക്കരുതെന്നും മുന്നറിയിപ്പുണ്ട്. മറ്റ് ഭാഗങ്ങളിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതിന്റെ പകുതി പേർക്ക് മാത്രമേ ടിക്കറ്റ് നൽകുന്നുള്ളൂ.

സ്റ്റേഡിയത്തിൽ പി.ഡബ്യൂ.ഡി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. എന്നാൽ കനത്തമഴ മൂലം കളിക്ക് മുമ്പ് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇനി ടെസ്റ്റ് മത്സരം കഴിഞ്ഞേ പണിതുടരാനാകൂ. ഈ സാഹചര്യത്തിലാണ് പി.ഡബ്യൂ.ഡി മുന്നറിയിപ്പ് നൽകിയത്. വരും ദിവസങ്ങളിലും മഴ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ സൂക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

കളിയേയും മഴ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ഇന്ത്യ പരിശീലനം തുടങ്ങി

കഴിഞ്ഞ ദിവസം കാൺപൂരിലെത്തിയ ഇന്ത്യൻ ടെസ്റ്റ് ടീം ഇന്നലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി തുടങ്ങിയ സീനിയർ താരങ്ങളും പരിശീലനത്തിനെത്തിയിരുന്നു. ഹെഡ് കോച്ച് ഗൗതം ഗംഭീറും അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരും പിച്ച് പരിശോധിച്ചു. കാൺപൂരിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. അതിനാൽ ഇന്ത്യ ചെന്നൈയിൽ നിന്ന് വ്യത്യസ്തമായി മൂന്ന് സ്പിന്നർമാരെ കളിപ്പിച്ചേക്കും. ചെന്നൈയിൽ സിറാജ്,ബുംറ,ആകാശ് ദീപ് എന്നീ പേസർമാർക്ക് പ്ളേയിംഗ് ഇലവനിൽ അവസരം നൽകിയിരുന്നു. കാൺപൂരിൽ ആകാശ്ദീപിന് പകരം കുൽദീപ് യാദവിനെയോ അക്ഷർ പട്ടേലിനെയോ കളിപ്പിക്കാനാണ് സാദ്ധ്യത.

ചെന്നൈയിൽ 280 റൺസിന് വിജയിച്ച ഇന്ത്യ രണ്ട് മത്സരപരമ്പരയിൽ മുന്നിലാണ്.

ഷാക്കിബ് കളിക്കും

ആദ്യ ടെസ്റ്റിൽ വിരലിന് പരിക്കേറ്റിരുന്ന ആൾറൗണ്ടറും മുൻ നായകനുമായ ഷാക്കിബ് അൽ ഹസൻ രണ്ടാം ടെസ്റ്റിൽ കളിക്കുമെന്ന് ബംഗ്ളാദേശ് മുഖ്യപരിശീലകൻ ചന്ദിക ഹതുരുസിംഗെ അറിയിച്ചു. ഇന്നലെ ടീമിനൊപ്പം അൽപ്പനേരം ഷാക്കിബ് പരിശീലനത്തിന് ഇറങ്ങിയിരുന്നു.