sruthi

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം നിരവധി നടിമാരാണ് സിനിമാ മേഖലയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നത്. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ പല നടന്‍മാരുടേയും യഥാര്‍ത്ഥ കയ്യിലിരുപ്പ് ഇതൊക്കെയാണെന്നറിഞ്ഞത് ഞെട്ടലുണ്ടാക്കുകയും ചെയ്തിരുന്നു. ആരോപണങ്ങള്‍ നിരവധിയായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ടിയും വന്നു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ക്കും പലരും വിധേയരായി.

മാസമൊന്ന് പിന്നിട്ടിട്ടും ഇപ്പോഴും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കേരളത്തിലെ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ മറ്റ് ഭാഷകളിലെ സിനിമാ മേഖലകളിലും നിരവധി നടിമാര്‍ തുറന്ന് പറച്ചിലുകളുമായി രംഗത്ത് വന്നിരുന്നു. സമാനമായ ഒരു ആരോപണം ഉന്നയിക്കുകയാണ് കന്നഡ നടി ശ്രുതി ഹരിഹരന്‍. 2018ല്‍ തനിക്കുണ്ടായ ഒരു അനുഭവമാണ് നടി കുറച്ച് കാലം മുമ്പ് വെളിപ്പെടുത്തിയത്. ഇതിന്റെ ചുവട് പിടിച്ച് മറ്റ് ഭാഷകളിലെ സിനിമ മേഖലയിലും പരാതികള്‍ ഉന്നയിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

'ഈ സംഭവം നടക്കുന്നത് എന്റെ ആദ്യത്തെ അനുഭവമുണ്ടായി നാല് വര്‍ഷം കഴിഞ്ഞാണ്. തമിഴിലെ ഒരു വലിയ നിര്‍മ്മാതാവ് എന്റെ കന്നഡ സിനിമയുടെ റീമേക്ക് അവകാശം വാങ്ങി. ഒരു ദിവസം അയാള്‍ ഫോണ്‍ വിളിച്ചു. തെലുങ്കില്‍ ഞാന്‍ ചെയ്ത വേഷം ഞാന്‍ തന്നെ തമിഴിലും ചെയ്യണമെന്ന് പറഞ്ഞു. അയാള്‍ പറഞ്ഞത്, 'ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ക്ക് വേണ്ടപ്പോഴൊക്കെ ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ മാറി മാറി ഉപയോഗിക്കും'' എന്നായിരുന്നു. എന്റെ കൈയ്യില്‍ ചെരുപ്പുണ്ടെന്നും അടുത്ത വന്നാല്‍ അപ്പോള്‍ അടിക്കുമെന്നും ഞാന്‍ അയാള്‍ക്ക് മറുപടി നല്‍കി'.- നടി അന്ന് പറഞ്ഞു.

ഈ സംഭവത്തിന് ശേഷം തനിക്ക് തമിഴില്‍ നിന്ന് നല്ല വേഷങ്ങളുടെ ഓഫറുകളുണ്ടായില്ലെന്നും നടി പറയുന്നു. സ്ത്രീകള്‍ ശബ്ദമുയര്‍ത്തണമെന്നും നോ പറയാന്‍ ശീലിക്കണമെന്നും ശ്രുതി പറയുന്നുണ്ട്. മലയാളത്തിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. സിനിമാ കമ്പനിയായിരുന്നു ശ്രുതിയുടെ ആദ്യത്തെ സിനിമ.