central-government

ന്യൂഡല്‍ഹി: ദൈനംദിന ചെലവില്‍ നല്ലൊരു പങ്കും ചെലവ് വരുന്നത് പെട്രോള്‍ പമ്പുകളിലാണ്. ഒരു ശരാശരി ഇന്ത്യന്‍ കുടുംബത്തിന്റെ ബഡ്ജറ്റിനെ നിര്‍ണയിക്കുന്നതില്‍ ഇന്ധന വിലയ്ക്ക് വലിയ പങ്കുണ്ട്. അടുത്ത മാസം ആദ്യം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് നിര്‍ണായകമായ പ്രഖ്യാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നാണ് സൂചന. ക്രൂഡ് ഓയില്‍ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയപ്പോഴും വില കുറച്ചിരുന്നില്ല.

മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍ വിലയില്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെ്ന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. സഖ്യകക്ഷി സര്‍ക്കാരിന്റെ ഭാഗമായി ബിജെപി ഭരണത്തിലുള്ള മഹാരാഷ്ട്രയില്‍ മികച്ച പ്രകടനം ലക്ഷ്യമിടുന്നുണ്ട് ബിജെപി. അതുകൊണ്ട് തന്നെ പെട്രോള്‍ വില കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പികുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

ഇന്ധനവില കുറയ്ക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നായിരുന്നു ഇന്ത്യന്‍ ഓയില്‍ സെക്രട്ടറി പങ്കജ് ജെയിന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. എണ്ണ വില കുറയ്ക്കുമ്പോള്‍ എക്സൈസ് നികുതി കൂട്ടാനുള്ള സാദ്ധ്യതയുണ്ടെന്നും വിവിധ ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ പെട്രോളിന് ലിറ്ററിന് 19.8 രൂപയും ഡീസലിന് 15.8 രൂപയുമാണ് ഈടാക്കുന്നത്. ക്രൂഡ്ഓയില്‍ വില 71 ഡോളറാണ്.

അതേസമയം, ഇന്ധന വില ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ തയ്യാറായാല്‍ വില കുറയുമെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെ വരുമാനം ഗണ്യമായി കുറയുമെന്നതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ച് രംഗത്ത് വന്നിരുന്നു.