suresh-gopi

തൃശൂർ; മാദ്ധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതി പൊലീസ് തള്ളി. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാൻ വകുപ്പില്ലെന്ന് പൊലീസ് അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോഴാണ് തൃശൂർ രാമനിലയത്തിൽ വച്ച് സുരേഷ് ഗോപി മാദ്ധ്യമ പ്രവ‌ർത്തകരെ തള്ളിമാറ്റിയത്. തുടർന്നാണ് അനിൽ അക്കര സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ മൊഴിയെടുക്കുകയും രാമനിലയത്തിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു. അതേസമയം കൈയേറ്റത്തിനിരയായ മാദ്ധ്യമ പ്രവർത്തകർ മൊഴി നൽകിയിട്ടും കേസെടുക്കാത്തത് പിണറായി- ബി.ജെ.പി ഡീലിന്റെ ഭാഗമായാണെന്ന് അനിൽ അക്കര ആരോപിച്ചു. സുരേഷി ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കെ.യു.ഡബ്ല്യു.ജെ അടക്കം സുരേഷ് ഗോപിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി.