
വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇറാനിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇറാനിൽ നിന്ന് തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
'യു.എസ് മിലിട്ടറി ഒന്നടങ്കം കാര്യങ്ങൾ നിരീക്ഷിക്കുന്നു. ഇറാന്റെ ഭാഗത്ത് നിന്ന് നീക്കങ്ങൾ നടന്നു കഴിഞ്ഞു. പക്ഷേ, ഫലം കണ്ടില്ല. എന്നാൽ അവർ വീണ്ടും ശ്രമിക്കും. " മുമ്പെങ്ങുമില്ലാത്തവിധം സുരക്ഷാവലയത്തിന് നടുവിലാണ് താനെന്നും ട്രംപ് സൂചിപ്പിച്ചു. വധഭീഷണിയെ പറ്റി ഇന്റലിജൻസ് വിഭാഗം ട്രംപിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ക്യാമ്പെയ്ൻ ടീം അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ട്രംപിന് നേരെ അടുത്തിടെ രണ്ട് വധശ്രമങ്ങളുണ്ടായിരുന്നു. എന്നാൽ ഇവയ്ക്ക് ഇറാനുമായി ബന്ധമില്ല.
ഡ്രോൺ ആക്രമണത്തിൽ രാജ്യത്തെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് യു.എസിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ജനുവരി 3നാണ് അന്ന് പ്രസിഡന്റായിരുന്ന ട്രംപിന്റെ ഉത്തരവ് പ്രകാരം നടന്ന ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ ജെയിംസ് ബോണ്ടെന്ന് അറിയപ്പെട്ടിരുന്ന സുലൈമാനി റെവലൂഷനറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു.
കമലയുടെ പ്രചാരണ ഓഫീസിന് നേരെ വെടിവയ്പ്
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന്റെ അരിസോണയിലെ പ്രചാരണ ഓഫിസിന് നേരെ അജ്ഞാതരുടെ വെടിവയ്പ്. രാത്രി സംഭവ സമയം ഓഫീസിൽ ആരുമുണ്ടായിരുന്നില്ല. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഈ ഓഫീസിന് നേരെ വെടിവയ്‌പുണ്ടാകുന്നത്.
കമല നാളെ പ്രചാരണത്തിനായി അരിസോണയിൽ എത്താനിരിക്കെയാണ് സംഭവം. അതേ സമയം, കഴിഞ്ഞ ദിവസം പുറത്തുവന്ന സർവേയിൽ കമല ട്രംപിനേക്കാൾ 7 പോയിന്റിന് മുന്നിലെത്തി. ഏഷ്യൻ വംശജർക്കിടെയിലും യുവാക്കൾക്കിടെയിലും കമലയുടെ പിന്തുണ ഉയരുകയാണ്.