
കോഴിക്കോട്: നിരവധി മോഷണ കേസുകളിലും കവർച്ച കേസുകളിലും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കുന്ദമംഗലത്ത് അറപ്പൊയിൽ വീട്ടിൽ മുജീബ് എ.പി (38) കാപ്പ കേസിൽ പിടിയിൽ. 2021ൽ പയ്യോളി പ്രശാന്തി ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിലും കോഴിക്കോട് സിറ്റി, പന്തീരാങ്കാവ്, കുന്ദമംഗലം, മലപ്പുറം ജില്ലയിലെ കരിപ്പൂർ, തേഞ്ഞിപ്പാലം, അരിക്കോട്, കൊണ്ടോട്ടി, മാഹി പൊലീസ് സ്റ്റേഷനുകളിൽ വാഹന മോഷണവും കവർച്ചയും നടത്തിയത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച വാഹനത്തിൽ സഞ്ചരിച്ച് കവർച്ച നടത്തുകയാണ് പതിവ്.
കുന്ദമംഗലം ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് കോഴിക്കോട് ജില്ലാ കളക്ടറാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. 12ന് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. കൊയിലാണ്ടിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.