sthree

സുൽത്താൻ ബത്തേരി: അനധികൃത മദ്യവിൽപ്പനക്കാർക്കെതിരെ പൊലീസിലും എക്‌സൈസിലും പറഞ്ഞു മടുത്ത വീട്ടമ്മമാർ ശല്യം സഹിക്കവയ്യാതെ ഗതിക്കെട്ട് അവസാനം തെരുവിലിറങ്ങി. നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ 67 തെക്കുംപറ്റയിലെ ഗ്രാമീണ സ്ത്രീകളാണ് മദ്യവിൽപ്പനക്കാരെ നേരിടാൻ രംഗത്തിറങ്ങിയത്. മദ്യവിൽപ്പന രാപകൽ വിത്യാസമില്ലാതെ തുടരുകയും ഇവരുടെ പരാക്രമം സ്ത്രീകൾക്കും കുട്ടികൾക്കും നേരെ തിരിഞ്ഞതോടെയാണ് പ്രദേശത്തെ സ്ത്രീ ജനങ്ങൾ പ്രതിരോധിക്കാനായി തീരുമാനിച്ചത്. വീട്ടമ്മമാർക്കും കുട്ടികൾക്കും രാപ്പകൽ വ്യത്യാസമില്ലാതെ വീടുകളിൽ കഴിയാനും പുറത്തിറങ്ങി നടക്കാനും മദ്യവിൽപ്പനക്കാരെ കൊണ്ടാവുന്നില്ല. ബീവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം എത്തിച്ചാണ് ആവശ്യക്കാർക്ക് വില്പന നടത്തുന്നത്. ഇതുകാരണം രാവും പകലും ഒരുപോലെ കല്ലൂർ 67 പ്രദേശങ്ങളിൽ മദ്യപന്മാരുടെ ശല്യമാണ്. വീട്ടമ്മമാർക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാനാവുന്നില്ല. എന്തിന് വീടുകളിൽ പോലും ഭയപ്പാടില്ലാതെ കഴിയാനാവുന്നില്ല എന്നാണ് ഇവർ പറയുന്നത്. സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും പുറത്തിറങ്ങാൻ കഴിയുന്നില്ല. എല്ലാം കൊണ്ടും ദുരിതത്തിലായതോടെയാണ് ഇന്നലെ രാവിലെ പ്രദേശത്തെ അമ്പതോളം വരുന്ന സ്ത്രീകളും കുട്ടികളും മദ്യവിൽപ്പനക്കാരെ നേരിടുന്നതിനായി ഇറങ്ങിത്തിരിച്ചത്. സ്ത്രീകൾ സംഘടിച്ചെത്തുന്നുണ്ടെന്നറിഞ്ഞതോടെ മദ്യവിൽപ്പനക്കാരും നേരിടുന്നതിനായി രംഗത്തുവന്നു. സംഭവം പുറം ലോകമറിഞ്ഞതോടെ പ്രദേശത്തെയ്ക്ക് ആളുകൾ എത്താൻ തുടങ്ങി. ഇതോടെ മദ്യവിൽപ്പ സംഘം രംഗത്ത് നിന്ന് പിൻവാങ്ങി.

പുഴയോരങ്ങളിലും അടഞ്ഞുകിടക്കുന്ന കെട്ടിട പരിസരങ്ങളിലും മദ്യവിൽപ്പന സംഘങ്ങൾ തമ്പടിക്കുന്നത്. മദ്യപിച്ച് എത്തുന്നവർ വീടുകളിൽ ഇരിക്കുന്ന കുട്ടികൾക്ക് നേരെ അസഭ്യം പറയുന്നതും വീട്ടമ്മയ്ക്ക് നേരെ ആക്രമണം നടത്തുന്ന സംഭവം വരെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകിയിട്ടും വേണ്ട നടപടി അധികൃതരിൽ നിന്നും ഉണ്ടാവുന്നില്ലെന്നാണ് വീട്ടമ്മമാർ ആരോപിക്കുന്നത്. അനധികൃത മദ്യ വില്പന സംഘത്തിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇനിയും കയ്യും കെട്ടി നോക്കിയിരുന്നാൽ മദ്യവിൽപ്പനക്കാർ തങ്ങളുടെയെല്ലാം വീടുകളിൽ കയറി നിരങ്ങുമെന്നാണ് സ്ത്രീകൾ പറയുന്നത്.



പൊലീസിനും എക്‌സൈസിനും

എതിരെ രൂക്ഷവിമർശനം

സുൽത്താൻ ബത്തേരി: കല്ലൂർ 67 തെക്കുംപറ്റയിൽ നടക്കുന്ന അനധികൃത മദ്യവിൽപ്പനക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ പൊലീസിനും എക്‌സൈ സിനുമെതിരെ സ്ത്രീകളുടെ രൂക്ഷ വിമർശനം. നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെയാണ് സ്ത്രീകളുടെ രോക്ഷം. മദ്യവിൽപ്പനക്കാരെപ്പറ്റി വ്യക്തമായ വിവരം നൽകിയിട്ടും ഇവരെ പിടിക്കൂടാൻ പൊലീസും എക്‌സൈസും താത്പ്പര്യം കാണിക്കുന്നില്ലെന്നാണ് സ്ത്രീകളുടെ പരാതി. ഇനി അഥവാ ആരെങ്കിലും വന്നാൽ തന്നെ മദ്യവിൽപ്പനക്കാർക്ക് മുൻകൂട്ടി വിവരം നൽകാൻ ആളുണ്ട്.

പൊലീസും എക്‌സൈസും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ മദ്യവിൽപ്പനക്കാർ ഇവിടെ വിലസുകയില്ലെന്നാണ് മദ്യവിൽപ്പനക്കെതിരെ രംഗത്തിറങ്ങിയവർ പറയുന്നത്. രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയ തങ്ങൾക്ക് ഇനി ഒന്നും നോക്കാനില്ല. ഒന്നുകിൽ ഈ നാട് നന്നാകും അല്ലെങ്കിൽ ഇവിടെ മദ്യവിൽപ്പനക്കാർ വാഴും ഇതിൽ ഏതെങ്കിലും ഒന്നാണ് ഇനി സംഭവിക്കുകയെന്ന് സ്ത്രീകൾ പറയുന്നത്.