
ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന തുപ്പുംപടി റബ്ബർ സൊസൈറ്റിയിൽ നിന്ന് റബർ ഷീറ്റ് മോഷണം പോയതായി പരാതി. 500 കിലോയിൽ അധികം റബ്ബർ ഷീറ്റ് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക കണക്ക്. ഈ മാസം ഏഴാം തീയതിയാണ് റബ്ബർ ഷീറ്റ് മോഷണം പോയ വിവരം സൊസൈറ്റി ഭാരവാഹികൾ അറിയുന്നത്. ചോറ്റാനിക്കര പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ആഗസ്റ്റിൽ 10096 കിലോ റബർ പാലാണ് സൊസൈറ്റിയിൽ വരവായി തൂക്കം രേഖപ്പെടുത്തിയിരുന്നത്. അത് ഷീറ്റ് ആക്കിയപ്പോൾ 536 കിലോയിലധികം തൂക്കക്കുറവ് രേഖപ്പെടുത്തി. ഇത് ശ്രദ്ധയിൽപ്പെട്ട കമ്മിറ്റി പരിശോധന നടത്തിയെങ്കിലും കുറവ് വരുന്നതിന് കാരണങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. ഈ ഇനത്തിൽ സൊസൈറ്റിക്ക് ഒരു ലക്ഷത്തിലധികം രൂപ നഷ്ടം വന്നതായി കണക്കാക്കുന്നു. 2022 ഏപ്രിൽ മാസം നിലവിലുള്ള ഭരണസമിതി അധികാരമേറ്റതിനുശേഷം രണ്ടാമത്തെ തവണയാണ് തൂക്കക്കുറവ് രേഖപ്പെടുത്തുന്നത്. ഒരു വർഷം മുമ്പ് ഇത്തരത്തിൽ തൂക്കക്കുറവ് സംഭവിച്ചെങ്കിലും കമ്മിറ്റി അത് മുഖവിലക്കെടുത്തിരുന്നില്ല. അന്ന് റബറിന് വിലയും കുറവായിരുന്നു. എന്നാൽ രണ്ടാമത്തെ തവണ വലിയ തോതിൽ നഷ്ടം സംഭവിച്ചതിനാലാണ് ചോറ്റാനിക്കര പൊലീസിൽ പരാതി നൽകുവാൻ തീരുമാനിക്കുകയായിരുന്നു.
പൊലീസ് സൊസൈറ്റിയിൽ പരിശോധനക്കെത്തിയപ്പോഴാണ് റബ്ബർ പാൽ കൊടുക്കുന്ന കർഷകർ പോലും വിവരം അറിഞ്ഞത്. മോഷണ വിവരം സംബന്ധിച്ചു കൂടുതൽ വിവരം പൊലീസ് ശേഖരിച്ച് വരികയാണെങ്കിലും കേസ് ചാർജ് ചെയ്തിട്ടില്ല. റബർ സൊസൈറ്റി അടിയന്തര കമ്മിറ്റി കൂടി സി.സി.ടിവി ദൃശ്യങ്ങൾ 7 കമ്മറ്റി മെമ്പർമാരുടെയും മൊബൈലിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
റബ്ബർ തൂക്കത്തിൽ 500 കിലോയിൽ അധികം തൂക്കക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മോഷ്ടിച്ചതായി തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ഇത് രണ്ടാമത്തെ തവണയാണ് തൂക്കക്കുറവ് രേഖപ്പെടുത്തുന്നത്.
തോമസ് പൈലി കൂമുള്ളിൽ
പ്രസിഡന്റ്
റബർ കർഷകസംഘം സൊസൈറ്റി