
തോപ്പുംപടി: കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി സെന്റ് ജോൺ പാട്ടം ഫിഷർമെൻ കോളനിയിൽ കട്ടിക്കാട് തയ്യിൽ വീട്ടിൽ ഇമ്മാനുവൽ അല്ലേഷ് (23)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ തലയ്ക്ക് പരിക്കേറ്റ് റോഡരികിൽ കിടക്കുകയായിരുന്ന ഇയാളെ ചിലർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ അക്രമാസക്തനായ ഇയാൾ അത്യാഹിത വിഭാഗത്തിന്റെ മുൻവശം ഉണ്ടായിരുന്ന സ്ട്രെക്ച്ചർ മറിച്ചിടുകയും കല്ലെടുത്ത് ആളുകളെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് ശാന്തനായ പ്രതിയെ ഡോക്ടർ പരിശോധിച്ച് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി ഡോക്ടറെ അക്രമിക്കാൻ ശ്രമിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് അസി.കമ്മിഷ്ണർ പി.ബി കിരൺ, തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ സി.ടി സഞ്ജയ് എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ. പി.ഷാബി, സിവിൽ പൊലീസ് ഓഫിസർ വിപിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.