sbi

ന്യൂഡല്‍ഹി: ദമ്പതിമാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 63 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ എസ്ബിഐക്ക് തിരിച്ചടി. ദമ്പതിമാര്‍ക്ക് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇതുമായി ബന്ധപ്പെട്ട് കേസില്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി പുറപ്പെടുവിച്ചു. തെലങ്കാനയിലെ വൃദ്ധ ദമ്പതിമാരുടെ അക്കൗണ്ടില്‍ നിന്ന് ഡ്രൈവറാണ് പണം അപഹരിച്ചത്. അനധികൃത ഇടപാട് അനുവദിച്ചതിനാണ് ബാങ്ക് നഷ്ടപരിഹാരം നല്‍കേണ്ടത്.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തെലങ്കാന സംസ്ഥാന ഉപഭോക്തൃ കമീഷനും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനും ദമ്പതിമാര്‍ക്ക് അനുകൂലമായി വിധിയെഴുതിയത്. 2017ല്‍ സേവിങ്‌സ് അക്കൗണ്ട് തുടങ്ങി ഇവര്‍ 40 ലക്ഷം നിക്ഷേപിച്ചു. 2019 ലാണ് മൂന്ന് ലക്ഷം മാത്രമേ അക്കൗണ്ടില്‍ ഉള്ളു എന്ന് മനസിലാകുന്നത്. യോനോ എസ്ബി.ഐ ആപ്പും ഫോണും ഉപയോഗിച്ചാണ് ഡ്രൈവര്‍ പണം തട്ടിയത്.

പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം നഷ്ടമായ വിവരമറിഞ്ഞ് എസ്.ബി.ഐയെ സമീപിക്കുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. ബാങ്ക് അക്കൗണ്ടില്‍ 63,74,536 രൂപയുടെ 37 ഇടപാടുകള്‍ നടന്നതായി എസ്.ബി.ഐയെ പ്രതിനിധീകരിച്ച അഭിഭാഷകര്‍ പറഞ്ഞു. ഓരോ ഫണ്ട് കൈമാറ്റവും ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച ഒ.ടി.പി വഴിയാണ് ആധികാരികമാക്കിയത്.

സേവിങ്‌സ് അക്കൗണ്ടിലെ ഇടപാടുകളുടെ അറിയിപ്പുകളും എസ്.എം.എസ് വഴി അയച്ചിരുന്നു. ഇതിനാല്‍ ഇവര്‍ക്ക് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ ഈ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. 97 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ദമ്പതിമാര്‍ക്ക് ലഭിക്കുക.