kp-kunjikannan

കാസർകോട്: കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കെപിസിസി മുൻ ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച വാഹനം കണ്ണൂരിൽ വച്ച് അപകടത്തിൽപ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വടക്കൻ കേരളത്തിലെ കോൺഗ്രസിന്റെ മുഖമായിരുന്നു കെ പി കുഞ്ഞിക്കണ്ണൻ. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സംസ്കൃത പണ്ഡിതൻ ആനിടിൽ കിഴക്കിനകത്ത് കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനായി 1949 സെപ്തംബർ ഒമ്പതിന് കെെതപ്രത്ത് ജനിച്ച കെ പി കുഞ്ഞിക്കണ്ണനെ ലീഡർ കെ കരുണാകരനാണ് കോൺഗ്രസിലേക്ക് കെെപിടിച്ചുയർത്തിയത്.

1977ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1980ൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1987ൽ ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. കാസർകോട് ഡിസിസി പ്രസിഡന്റായും കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ മത്സരിച്ചു. നാഷണൽ ഖാദി വർക്കേഴ്സ് യൂണിയൻ (ഐഎടിയുസി)​ പ്രസിഡന്റ്,​ കെ. കരുണാകരൻ സ്മാരക സമിതി ട്രഷറർ,​ വി എൻ എരിപുരം സ്‌മാരക സമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവ‌ർത്തിച്ചുവരികയായിരുന്നു.

ഭാര്യ: കെ സുശീല (റിട്ട പ്രധാനാധ്യാപിക,​ കാറമേൽ എഎൽപി സ്കൂൾ)​. മക്കൾ: കെ പി കെ തിലകൻ (പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഡിഷണൽ പ്രെെവറ്റ് സെക്രട്ടറി)​,​ കെ പി കെ തുളസി. മരുമക്കൾ: പ്രദീഷ്,​ അഡ്വ. വീണ എസ് നായർ. സഹോദങ്ങൾ: പരേതരായ കമ്മാര പൊതുവാൾ,​ ചിണ്ട പൊതുവാൾ,​ നാരായണ പൊതുവാൾ.