cigarette

തൊടുപുഴ: 'ഈ നഗരത്തിന് ഇതെന്ത് പറ്റി, ചിലയിടത്ത് ചാരം, ചിലയിടത്ത് പുക...എന്താ ആരും ഒന്നും പറയാത്തത്..." പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നറിയാൻ ഈ പരസ്യവാചകം മതി. എന്നാൽ വലിച്ചുകയറ്റുന്നതിലേറെയും വ്യാജനാണെന്ന് പല ഉപഭോക്താക്കളും തിരിച്ചറിയാറില്ല. ജില്ലയുടെ വിവിധഭാഗങ്ങളിൽ ചെറുകിട കച്ചവടക്കാരുടെ ഒത്താശയോടെ വ്യാജ സിഗരറ്റുകൾ സുലഭമായി വിറ്റഴിക്കപ്പെടുന്നതായി വിവരം.

യഥാർത്ഥ സിഗരറ്റ് വിറ്റാൽ കച്ചവടക്കാരന് ലഭിക്കുന്നത് ഒരു രൂപ ലാഭമാണെങ്കിൽ, വ്യാജൻ വിറ്റാൽ നാല് രൂപവരെ പോക്കറ്റിലെത്തും. ഒറിജിനലിനെ വെല്ലുന്ന പാക്കിങ്ങോടെ എത്തുന്ന വ്യാജസിഗരറ്റുകൾ തിരിച്ചറിയാൻ പ്രയാസമാണ്. മുൻകാലങ്ങളിൽ വ്യാജസിഗരറ്റുകളും വിദേശ സിഗരറ്റുകളും വിവിധ കടകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി വ്യാജന്മാർ എക്‌സൈസിന്റെ വലയിൽ കുടുങ്ങിയിട്ടില്ല.

നഗരത്തിലെ കടകളിൽ വ്യാജസിഗരറ്റുകൾ എത്തിക്കുന്നതിന് സ്ഥിരം ഏജന്റ് പ്രവർത്തിക്കുന്നതായാണ് വിവരം. ഇവ കൂടാതെ ആലുവാ മാർക്കറ്റിൽ നിന്നുള്ള വിദേശസിഗരറ്റുകളും ജില്ലയിൽ സുലഭമായി വിറ്റഴിക്കപ്പെടുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ കമ്പോഡിയയിൽ നിന്നെത്തിച്ച വ്യാജ സിഗരറ്റിന്റെ വൻ ശേഖരം പിടികൂടിയിരുന്നു. ജില്ലയിൽ വ്യാജ സിഗരറ്റുണ്ടെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ ഉടനടി നടപടിയുണ്ടാകുമെന്നും ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.

ഒറ്റനോട്ടത്തിൽ തിരിച്ചറിയില്ല

  1. പാക്കറ്റിലെ എഴുത്തിന്റെ വ്യത്യാസം സൂക്ഷ്മ പരിശോധനയിൽ അറിയാം
  2. പലരും ഒന്നോ രണ്ടോ സിഗരറ്റായി വാങ്ങുന്നതിനാൽ പാക്കറ്റ് ശ്രദ്ധിക്കില്ല
  3. സിഗരറ്റിന്റെ നിറത്തിലും കട്ടിയിലും വ്യാത്യാസമുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയാനാവില്ല
  4. സിഗരറ്റിനുള്ളിൽ നിറയ്ക്കുന്നത് താഴ്ന്ന നിലവാരത്തിലുള്ള പുകയില
  5. വേഗത്തിൽ കത്തി തീരും. ചുണ്ടിൽ വയ്ക്കുന്ന ബഡ്ഡിന് തീരെ കനക്കുറവ്