visuals

തൃശൂർ: കുതിരാനിൽ പട്ടാപ്പകൽ നടന്ന സ്വർണക്കൊള്ളയുടെ ദൃശ്യങ്ങൾ പുറത്ത്. തൃശൂർ ദേശീയ പാതയിൽ വച്ച് രണ്ട് കോടിയോളം രൂപയുടെ സ്വർണമാണ് കവർന്നത്. മൂന്ന് കാറുകളിലായി വന്ന കവർച്ചാ സംഘം സ്വർണം തട്ടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. സ്വകാര്യ ബസിന്റെ ക്യാമറയിലാണ് കവർച്ചാ ദൃശ്യങ്ങൾ പതിഞ്ഞത്.

ഇന്നലെ രാവിലെ 11.15ഓടെ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ പണികഴിപ്പിച്ച് തൃശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന സ്വർണമാണ് മുഖം മറച്ചെത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോ ട്രൈബർ എന്നീ കാറുകളിലായാണ് കവർച്ചാ സംഘം എത്തിയത്.

സ്വർണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് ഡിസയർ കാറിനെ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞുനിർത്തുകയായിരുന്നു. ശേഷം കാറിൽ ഉണ്ടായിരുന്ന സ്വർണ വ്യാപാരി തൃശൂർ കിഴക്കേക്കോട്ട സ്വദേശി അരുൺ സണ്ണിയെയും സുഹൃത്ത് റോജി തോമസിനെയും കത്തിയും കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്‌തു.

തുടർന്ന് കാറിൽ നിന്ന് ഇരുവരെയും പുറത്തിറക്കിയ ശേഷം സ്വർണവും കാറും കടത്തിക്കൊണ്ടുപോവുകയായിരുന്നു. പുത്തൂരിൽ വച്ച് അരുൺ സണ്ണിയെയും പാലിയേക്കരയിൽ വച്ച് റോജി തോമസിനെയും ഇറക്കിവിടുകയായിരുന്നു. അരുൺ ഒല്ലൂർ പൊലീസിൽ വിവരമറിയിച്ചു. അക്രമികൾ മുഖംമൂടി ധരിച്ചിരുന്നു. ഇവർ ആലപ്പുഴ സ്ലാംഗിലാണ് സംസാരിച്ചതെന്ന് അരുൺ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പീച്ചി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ എത്തിയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.