
കോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുന്നതിൽ ആശങ്ക. ഈ മാസം ഇതുവരെ 148 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും പലരും പരിശോധനയ്ക്ക് വിധേയരാകാത്തതാണ് രോഗ വ്യാപനത്തിന് ഇടയാക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കോർപ്പറേഷനിലെ കൊമ്മേരി, ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും രോഗം പടരുകയാണ്. കൊടുവള്ളി, കൊയിലാണ്ടി നഗരസഭകളിലും കിഴക്കോത്ത്, പേരാമ്പ്ര, ഓമശ്ശേരി, മാവൂർ, താമരശ്ശേരി, പനങ്ങാട്, ബാലുശ്ശേരി, നരിക്കുനി, അത്തോളി, തലക്കുളത്തൂർ പഞ്ചായത്തുകളിലും നിരവധി പേരാണ് മഞ്ഞപ്പിത്തത്തിന് ചികിത്സ തേടിയത്. ഈ പ്രദേശങ്ങളിലെ ജലസ്രോതസുകളുടെ സാംപിളുകൾ പരിശോധിക്കുകയും ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന കടകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും പലയിടത്തും രോഗം നിയന്ത്രണ വിധേയമായിട്ടില്ല. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ 10 - 50 ദിവസം കഴിഞ്ഞാണ് ലക്ഷണം പ്രകടമാവുന്നത്. ഈ സമയത്ത് രോഗം പകരാനുള്ള സാദ്ധ്യത ഏറെയാണ്. രോഗബാധയുണ്ടായ ആളുകളിൽ നിന്ന് ലക്ഷണങ്ങൾ കാണുന്നതിന് രണ്ടാഴ്ച മുമ്പു തന്നെ രോഗം പടരുമെന്നതിനാൽ വ്യാപനം കൂടുതലാണ്.
"മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിൽ ജനങ്ങൾ അവബോധം പുലർത്തണം. സ്വയം ചികിത്സ തീർത്തും ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. വ്യക്തി ശുചിത്വം പാലിക്കണം. രോഗബാധിത പ്രദേശത്തുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ശുചിത്വ ശീലങ്ങൾ പാലിക്കാത്തവർ, മലിനമായ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് രോഗബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്.""
ഡോ.എൻ രാജേന്ദ്രൻ
ജില്ലാ മെഡിക്കൽ ഓഫീസർ
രോഗം പകരും വഴി
മലിനമായ ജലസ്രോതസുകളിലൂടെയും, മലിനമായ വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയം എന്നിവ.
മലിനമായ വെള്ളം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവ
ഹോട്ടലുകളിലും വിവാഹ സൽക്കാരങ്ങളിലും മറ്റും ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന കൊമേഷ്യൽ ഐസ് ഉണ്ടാക്കുന്ന വെള്ളം മലിനമാണെങ്കിൽ അതിലൂടെയും രോഗം പകരും.
രോഗലക്ഷണങ്ങൾ
അമിതമായ ക്ഷീണം, പനി, വയറുവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം എന്നിവ. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കണം. അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ചികിത്സകരിൽ നിന്നും മാത്രമേ പരിചരണം തേടാൻ പാടുള്ളൂ.
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക
ഭക്ഷണം കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ സുരക്ഷിത അകലം ഉണ്ടെന്ന് ഉറപ്പുവരുത്തുക
മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നടത്തുക.