
കുട്ടിക്കാലത്ത് ആഗ്രഹങ്ങൾ മനസിൽ കൊണ്ടുനടക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. മാതാപിതാക്കൾ കുത്തിത്തിരുകിയ ആഗ്രഹങ്ങൾ, സ്വയം കണ്ടറിഞ്ഞ് ഇഷ്‌ടപ്പെട്ടവ.. അങ്ങനെ ആഗ്രഹങ്ങളുടെ ഒരു നിരതന്നെയുണ്ടാവും. പിന്നീട് കാലക്രമേണ അതിൽ നിന്നെല്ലാം മാറി സ്വപ്‌നങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ജോലിയും ജീവിതവുമായി മുന്നോട്ടുപോകുന്നവരാണ് ഭൂരിഭാഗവും.
എന്നാൽ, ചുറ്റുപാടും എത്ര പ്രതികൂലമായാലും അതിനെയെല്ലാം തരണം ചെയ്‌ത് സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമെല്ലാം നേടിയെടുത്ത് മുന്നോട്ട് പോകുന്ന കുറച്ചുപേർ നമുക്ക് ചുറ്റുമുണ്ട്. നിശ്ചയദാർഢ്യമാണ് അവരെ ഉയരങ്ങളിൽ എത്തിക്കുന്നത്. എതിർത്തവരെയും കുറ്റപ്പെടുത്തിയവരെയുമെല്ലാം അവർ ആരാധകരാക്കി മാറ്റുന്നു. അത്തരത്തിലുള്ള വിജയം കൈവരിച്ച ഒരാളാണ് തിരുവനന്തപുരം സ്വദേശിനി ഹരിത സഞ്ജു.
കുട്ടിക്കാലത്തെ വേദനിപ്പിക്കുന്ന ഓർമകളിലൂടെ വളർന്നുവന്ന ഹരിതയ്‌ക്ക് നേരിടേണ്ടി വന്നതെല്ലാം എതിർപ്പുകളും ബുദ്ധിമുട്ടുകളും മാത്രമാണ്. തന്റെ അനുഭവങ്ങളിൽ കരഞ്ഞുതീർത്ത് ജീവിതം മുന്നോട്ടുപോകുന്നതിന് പകരം ആഗ്രഹിച്ചതെല്ലാം അവൾ നേടിയെടുത്തു. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കണം എന്ന സ്വപ്‌നമായിരുന്നു അവൾക്ക്. കയറിക്കിടക്കാൻ ഒരു വീടുപോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വിറ്റുവരവുള്ള 'ഹൃദയ ഹെർബൽസി'ന്റെ സ്ഥാപകയായി ഹരിത മാറിയ കഥ ഏവർക്കും പ്രചോദനമാകുന്നതാണ്.

കയ്‌പ്പേറിയ കുട്ടിക്കാലം
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഹരിതയ്‌ക്ക് അച്ഛന്റെ മദ്യപാനം കാരണം കുട്ടിക്കാലം ഏറെ ദുരിതപൂർണമായിരുന്നു. മദ്യപിച്ച് അമ്മയോട് നിരന്തരം വഴക്കുണ്ടാക്കുന്ന അച്ഛനിൽ നിന്നും ഓടിയൊളിക്കണം എന്ന ചിന്തമാത്രമായിരുന്നു അന്ന് ഹരിതയ്‌ക്കും ഇളയ സഹോദരിക്കും ഉണ്ടായിരുന്നത്. അച്ഛന്റെ ഉപദ്രവങ്ങളിൽ നിന്നെല്ലാം അമ്മയെ രക്ഷിച്ച് രാത്രി ഓടിയൊളിച്ച ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അയൽക്കാരുടെ തൊഴുത്തിൽ കിടന്നുറങ്ങിയിട്ടുണ്ട്. അച്ഛന്റെ ഉപദ്രവം ഭയന്ന് മഴയത്ത് നിന്ന് നേരംവെളുപ്പിക്കേണ്ടി വന്നിട്ടുണ്ട്.
ഭയന്ന് ഉറക്കം പോലും നഷ്‌ടപ്പെട്ടിരുന്ന രാത്രികളായിരുന്നു അവൾക്ക്. ക്ലാസിൽ കിടന്ന് ഉറങ്ങിയിരുന്ന ഹരിതയെ അദ്ധ്യാപകർ വഴക്കുപറഞ്ഞിട്ടില്ല. അവസ്ഥ മനസിലാക്കിയ അദ്ധ്യാപകർ സമയം കിട്ടുമ്പോഴെല്ലാം അവളെ സ്റ്റാഫ് റൂമിലിരുത്തി പഠിപ്പിച്ചു. വേണ്ട സഹായങ്ങളെല്ലാം ചെയ്‌തു നൽകി. ഒടുവിൽ സഹിക്കവയ്യാതെ ആയതോടെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും എതിർപ്പവഗണിച്ച് അച്ഛനുമായുള്ള ബന്ധം ഹരിതയുടെ അമ്മ അവസാനിപ്പിക്കുകയായിരുന്നു.

ജീവിതം മാറ്റിമറിച്ച കമന്റ്
ധനുവച്ചപുരം വിടിഎം എൻഎസ്‌എസ് കോളേജിൽ നിന്ന് ബിഎസ്‌സി കെമിസ്‌ട്രിയിൽ ബിരുദം നേടിയ ശേഷം ഹരിത വിവാഹ ജീവിതത്തിലേക്ക് കടന്നു. തനിക്കുണ്ടായ കുട്ടിക്കാലം ഭാവിയിൽ സ്വന്തം മക്കൾക്കുണ്ടാകരുത് എന്ന ചിന്തയുള്ളതിനാൽ ഏറെ ആലോചിച്ച് മനസിലാക്കിയ ശേഷമാണ് ജീവിതപങ്കാളിയെ തിരഞ്ഞെടുത്തത്.
കുട്ടിക്കാലത്ത് നഷ്‌ടപ്പെട്ട സ്‌നേഹവും കരുതലുമെല്ലാം വിവാഹശേഷം ഭർത്താവ് സഞ്ജുവിൽ നിന്നും ലഭിച്ചുതുടങ്ങിയത് ഹരിതക്ക് വലിയ ആശ്വാസമായി. പക്ഷേ, ആ ജീവിതത്തിൽ വില്ലനായി സാമ്പത്തിക ബാദ്ധ്യതകൾ തേടിയെത്തി. പ്രവാസിയായ ഭർത്താവിനൊപ്പം മസ്‌കറ്റിലേക്ക് പോയെങ്കിലും ഗർഭിണിയായ ഹരിതയ്‌ക്ക് തിരികെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഈ സമയം ഒരു വരുമാനം ലക്ഷ്യമിട്ട് തുടങ്ങിയ യൂട്യൂബ് ചാനൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. മുടിയുമായി ബന്ധപ്പെട്ട വീഡിയോകൾ ഇട്ടിരുന്ന ചാനലിൽ വളരെ വേഗം അര ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായി. അതിൽ നിന്ന് വരുമാനവും ലഭിച്ചു.
മകൻ ശ്രിതിക് ജനിച്ചതോടെയാണ് ഹരിതയുടെ ചിന്തകൾ മാറിമറിഞ്ഞത്. അച്ഛന്റെ സ്‌നേഹം ലഭിക്കാതെയുള്ള കുട്ടിക്കാലം തന്റെ മകനും ഉണ്ടാവരുത് എന്നവൾക്ക് തോന്നി. സാമ്പത്തിക ബാദ്ധ്യതകൾ തീർത്ത് സഞ്ജുവിനെ നാട്ടിലെത്തിക്കാനും ഒരുമിച്ച് ജീവിക്കാനുമായി ഹരിത പല തരത്തിലുള്ള ബിസിനസുകളെ പറ്റിയും ചിന്തിച്ചു. ഒടുവിൽ ഒരു സബ്‌സ്‌ക്രൈബർ ഇട്ട കമന്റാണ് ഹരിതയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
വീഡിയോയിൽ ഹരിത പറഞ്ഞ ഹെയർഓയിൽ ഉണ്ടാക്കി വിൽക്കാമോ എന്നായിരുന്നു ആ ചോദ്യം. അമ്മ എണ്ണകാച്ചുന്നത് കണ്ടുവളർന്ന ഹരിത തെല്ലും ഭയമില്ലാതെ ഇതിലേക്കിറങ്ങി. കയ്യിലുണ്ടായിരുന്ന സ്വർണം പണയം വച്ചാണ് എണ്ണകാച്ചാനുള്ള സാധനങ്ങൾ വാങ്ങാനായി പണം കണ്ടെത്തിയത്. ആദ്യംതന്നെ പത്ത് ലിറ്റർ എണ്ണയുണ്ടാക്കിയപ്പോൾ ചുറ്റുമുള്ളവരെല്ലാം കളിയാക്കി. പക്ഷേ, അതെല്ലാം വെറും ഒരാഴ്‌ചയിൽ വിറ്റുപോയി. ബിസിനസ് തുടങ്ങി നാല് മാസത്തിനുള്ളിൽ തന്നെ ആഗ്രഹിച്ചതുപോലെ ഭർത്താവിനെ നാട്ടിലെത്തിക്കാനും സാധിച്ചു.
തേങ്ങാപ്പാൽ അരച്ചുചേർക്കുന്ന എണ്ണയ്‌ക്ക് ഫലം ഇരട്ടി
വർഷങ്ങളായി അമ്മയുണ്ടാക്കി തന്ന എണ്ണയുടെ അതേ കൂട്ടാണ് ഇന്ന് ഹൃദയ ഹെയർ ഓയിലിലും ഹരിത ഉപയോഗിക്കുന്നത്. അന്ന് മുതൽ ഇന്നുവരെ ഗുണമേന്മയിൽ ഒരു കുറവും വരാതെ ശ്രദ്ധിക്കുന്നുമുണ്ട്. മുടി കൊഴിച്ചിൽ, താരൻ, ഉറക്കക്കുറവ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എണ്ണ ഫലപ്രദമാണ്. 40 ഇനം മരുന്നുകളും വേരുകളും തേങ്ങാപ്പാലും ചേർത്താണ് എണ്ണ കാച്ചുന്നത്. അതിനാൽ, ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം കണ്ടുതുടങ്ങും.
100, 200, 500മില്ലി ബോട്ടിലുകളിൽ എണ്ണ ലഭ്യമാണ്. 100 മില്ലിയുടെ ബോട്ടിലിന് 285 രൂപയാണ് വില. ഇന്ത്യയ്‌ക്കകത്തും പുറത്തുമെല്ലാം ഓർഡർ അനുസരിച്ച് എണ്ണ എത്തിച്ചുനൽകും. ചെറിയ രീതിയിൽ തുടങ്ങി ഇന്ന് മാസം 200 ലിറ്ററിലധികം എണ്ണയാണ് ഹരിത വിൽക്കുന്നത്. ധാരാളം ഉപയോക്താക്കൾക്ക് ഫലംലഭിക്കുന്നുണ്ട്. ഒരു തവണ വാങ്ങിയവർ വീണ്ടും വീണ്ടും വാങ്ങി ഉപയോഗിക്കുന്നു. ആയുർവേദ ഡോക്‌ടറുടെ കൂടി മേൽനോട്ടത്തിലാണ് എണ്ണകാച്ചുന്നത്. മാത്രമല്ല, തികച്ചും പ്രകൃതിദത്തമായ ചേരുവകൾകൊണ്ടുണ്ടാക്കുന്ന ഹെയർ സിറം, ലിപ്‌ബാം തുടങ്ങിയവയും ഇന്ന് ഹൃദയയിൽ ലഭ്യമാണ്.
സ്റ്റാറ്റസിട്ട് വരുമാനം നേടാം
ഹൃദയ ഹെയർ ഓയിലിന്റെ പരസ്യം സ്റ്റാറ്റസ് ഇട്ട് വരുമാനം നേടുന്ന 72 വീട്ടമ്മമാരാണ് നിലവിലുള്ളത്. ഒരു ബോട്ടിൽ വിൽക്കുമ്പോൾ അതിൽ നിന്നും നിശ്ചിത തുക അവർക്ക് നൽകും. കൂടുതൽ വിൽക്കുന്നവർക്ക് അധിക പോയിന്റുകളും നൽകുന്നുണ്ട്. ഇങ്ങനെ മാസം 10,000 മുതൽ 30,000രൂപ വരെയാണ് വീട്ടമ്മമാർ സമ്പാദിക്കുന്നത്.

ആഗ്രഹിച്ചതെല്ലാം നേടാൻ ആത്മവിശ്വാസം
സ്വപ്നം കണ്ടതെല്ലാം നേടി. എല്ലാത്തിനും പിന്തുണയും സഹായവുമായി ഭർത്താവും ഒപ്പമുണ്ട്. കടം തീർക്കാനായി തുടങ്ങിയതാണെങ്കിലും ഇന്ന് ഈ പണത്തിൽ നിന്നും രണ്ട് വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകാൻ ഹരിതയ്‌ക്ക് സാധിച്ചു. ഇപ്പോൾ ഓൺലൈനായി ഒരു ബുട്ടീക്കും ആരംഭിച്ചു. 2023ലെ യുവ വനിതാ സംരംഭകയ്‌ക്കുള്ള അവാർഡും മോസ്റ്റ് ട്രസ്റ്റഡ് ഹെർബൽ പ്രോഡക്‌ട്‌സ് അവാർഡും ഹരിതയെ തേടിയെത്തി.
എല്ലാം നേടുമ്പോഴും കുടുംബത്തിനും മനസമാധാനത്തിനുമാണ് ഹരിത പ്രാധാന്യം നൽകുന്നത്. ചെയ്യുന്ന ജോലി എന്തുമാകട്ടെ അതിൽ ഉയർച്ചനേടുക എന്നതാണ് പ്രധാനം. സ്വയം വിശ്വസിച്ച് മുന്നേറുക എന്നാണ് ഹരിതയ്‌ക്ക് യുവതലമുറയോട് പറയാനുള്ളത്.