sreejsh

പാരീസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം പി.ആർ ശ്രീജേഷിന് സ്വീകരണവും പ്രഖ്യാപിച്ച രണ്ടുകോടി രൂപ സമ്മാനവും നൽകാൻ ഒ‌ടുവിൽ സർക്കാർ തീരുമാനിച്ചിരിക്കുന്നു. അടുത്തമാസം 19ന് ചടങ്ങ് നടത്തുമെന്നാണ് കഴിഞ്ഞ ദിവസം കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞത്. സ്വീകരണം നൽകാൻ സമയമില്ലെങ്കിൽ ആ തുക താരത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നൽകിക്കൂടേയെന്നുമുള്ള മാദ്ധ്യമപ്രവർത്തകരുടെ നിരന്തരമുള്ള ചോദ്യത്തിന് മറുപടിയായാണ് തീയതിയെങ്കിലും അറിയിക്കാൻ മന്ത്രി തയ്യാറായത്.

രാജ്യാന്തരതലത്തിൽ ഏറ്റവുംവലിയ നേട്ടമുണ്ടാക്കിയ മലയാളി കായിക താരമാണ് പി.ആർ ശ്രീജേഷ്. രണ്ട് ഒളിമ്പിക്സ് മെഡലുകളിൽ മുത്തമിട്ട ഏക മലയാളി. എന്നിട്ടുംപാരീസ് ഒളിമ്പിക്സിൽ മെഡൽ നേടി മടങ്ങിയെത്തിയപ്പോൾ ശ്രീജേഷിന് സർക്കാർ നൽകാൻ നിശ്ചയിച്ചിരുന്ന സ്വീകരണം മന്ത്രിമാരുടെ തമ്മിലടികാരണം അവസാന നിമിഷം മാറ്റിവച്ചു. ചടങ്ങിൽ പങ്കെടുക്കാനായി കുടുംബസമേതം തിരുവനന്തപുരത്തെത്തിയ ശ്രീജേഷിന് തിരികെ മടങ്ങേണ്ടിവന്നു. പാരീസ് ഒളിമ്പിക്സിൽ മെഡൽനേടിയ മറ്റൊരു കായികതാരത്തിനും ഉണ്ടാകാത്ത ഗതികേട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നതിൽ കായിക വകുപ്പ് മന്ത്രിക്കുണ്ടായ അതൃപ്തിയും തർക്കവുമാണ് കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കിയത്. ശ്രീജേഷിനോട് നമ്മൾ കാട്ടിയ അനാദരവിന്റെ ആഴം അറിയണമെങ്കിൽ മറ്റു സംസ്ഥാനങ്ങൾ താരങ്ങളെ എങ്ങനെ സ്വീകരിച്ചെന്ന് നോക്കിയാൽ മതി. പാരീസിൽ മെഡൽ നേടിയ മറ്റെല്ലാ താരങ്ങൾക്കും അവരവരുടെ സംസ്ഥാനങ്ങൾ ഉടനടി പാരിതോഷികം പ്രഖ്യാപിക്കുകയും നൽകുകയും ചെയ്തു . പഞ്ചാബും ഹരിയാനയും തമിഴ്നാടും മഹാരാഷ്ട്രയുമൊക്കെ തങ്ങളുടെ അഭിമാന താരങ്ങളെ ഏറ്റെടുക്കാൻ മത്സരിക്കുന്നു. ഏറ്റവും ഒടുവിൽ ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയെത്തിയ തങ്ങളുടെ താരങ്ങൾക്ക് അവർ നാട്ടിൽ എത്തിയദിവസം പാരിതോഷികം നൽകുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്നത് തന്നെ ഒഡിഷ സംസ്ഥാനമാണ്. ദേശീയ കായികരംഗത്ത് ഈ സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലായിരുന്ന കേരളം ഇപ്പോൾ ഒന്നുമല്ലാതായിത്തീർന്നിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം തേടിപ്പോകേണ്ടതില്ല.

ചർച്ചകളും സെമിനാറുകളും കടന്ന് ഉച്ചകോടികളിലേക്കെത്തുന്ന വാചകമടികളിൽ മാത്രമൊതുങ്ങുകയാണ് നമ്മുടെ കായികരംഗത്തോടുള്ള കരുതൽ. നൂറുകോടിമുടക്കി അർജന്റീന ഫുട്ബാൾ ടീമിനെ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിലാണ് കേരളത്തിന് വേദി അനുവദിച്ച ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ നടത്താൻ കഴിയില്ലെന്ന് പറഞ്ഞൊഴിയുന്നത്. കാൽനൂറ്റാണ്ടുകാലം കൈവശം വച്ചിരുന്ന ദേശീയ ജൂനിയർ കിരീടം കേരളം കൈവിട്ടിട്ട് ഒരുപതിറ്റാണ്ടിലേറെയാകുന്നു. നമ്മുടെ കുട്ടികൾക്ക് സ്വന്തം നാട്ടിൽ ഒരു ദേശീയ മീറ്റിൽ പങ്കെടുക്കാനുള്ള അവസരംപോലും ഒരുക്കാൻ തയ്യാറാകാത്തവർ മെസിയെ കെണ്ടുവന്ന് എന്തു വിപ്ളവമാണ് വിഭാവനം ചെയ്യുന്നത്.? ആഗസ്റ്റ് മാസത്തിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച 'കുലം മുടിയുന്ന കായിക കേരളം" എന്ന പരമ്പരയിൽ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിരുന്നതാണ്.

ശ്രീജേഷിന് സമ്മാനം നൽകാൻ വൈകിയതെന്തേ എന്ന ചോദ്യത്തിന് കായിക മന്ത്രി മറുപടി പറഞ്ഞത് പൊതുവേദിയിൽ വച്ച് നൽകുമ്പോഴേ അത് ഭാവികായികതാരങ്ങൾക്ക് പ്രചോദനമാകൂ എന്നാണ്. അങ്ങനെയെങ്കിൽ പൊതുവേദിയിൽ സമ്മാനം വാങ്ങാൻ എത്തിയ കായികതാരത്തിനെ നാണംകെടുത്തിവിട്ടത് ഭാവി താരങ്ങൾക്ക് എന്തുപ്രചോദനമാണ് നൽകുക എന്നതിനുകൂടി മന്ത്രി മറുപടിപറയണം. കായികതാരങ്ങളും പരിശീലകരും ഉണ്ടെങ്കിലേ കായിക മന്ത്രിയും വകുപ്പുമൊക്കെ വേണ്ടൂ. അടുത്തമാസം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സ്വീകരണച്ചടങ്ങിൽ നേരത്തേയുണ്ടാക്കിയ അപമാനത്തിന് സർക്കാർ പരസ്യമായി മാപ്പുപറയണമെന്ന് കായികപ്രേമികൾ ആഗ്രഹിക്കുന്നത് ഇതൊക്കെക്കൊണ്ടാണ്.