
ഭൂകമ്പത്തിനിടയിൽ ഒരു കൊച്ചുകുട്ടി കാണിച്ച 'വലിയ പ്രവൃത്തി'യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി വാങ്ങുന്നത്. പ്രളയം, ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സ്വന്തം ജീവൻ രക്ഷിക്കാനാണ് മിക്കവരും ശ്രമിക്കാറുള്ളത്. ആ മരണപാച്ചിലിനിടയിൽ വളർത്തുമൃഗങ്ങളെക്കുറിച്ചൊന്നും പലരും ചിന്തിക്കാറില്ല.
കൂടെ കൊണ്ടുപോകാൻ പോയിട്ട് പശുവിനെ കെട്ടഴിച്ച് വിടാനോ, നായയെ കൂട്ടിൽ നിന്ന് തുറന്നുവിടാനോ പോലും മിക്കവരും മെനക്കെടാറില്ല. അത്തരം സന്ദർഭങ്ങളിൽ മിണ്ടാപ്രാണികൾക്ക് ജീവൻ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ളവർ കണ്ടുപഠിക്കേണ്ട കാര്യങ്ങളാണ് ഒരു കൊച്ചുകുട്ടി ചെയ്‌തിരിക്കുന്നത്.
ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെടാൻ ഷൂ പോലും ധരിക്കാതെ ഓടുകയാണ് കുട്ടി. പെട്ടെന്ന് അകത്തുപോയി രണ്ട് പൂച്ചകളെ എടുത്തുകൊണ്ടുവരുന്നു. നീ എന്താ ചെയ്യുന്നതെന്ന് അമ്മ ചോദിക്കുമ്പോൾ തന്റെ പൂച്ചക്കുട്ടികളെ എടുക്കാൻ പോയതാണെന്ന് മറുപടി നൽകുന്നു. തുടർന്ന് രണ്ട് പൂച്ചകളുമായി ഓടാനുള്ള പ്രയാസം മൂലം ഒരു പൂച്ചയെ അമ്മയുടെ കൈയിൽ കൊടുക്കുകയും ചെയ്യുന്നുണ്ട്.
കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം മൂന്ന് മില്യണിലധികം പേരാണ് കണ്ടത്. നാലര ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്തു. നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.