d

മുംബയ്: കനത്ത മഴയെ തുടർന്ന് ദുരിതത്തിലായ മുംബയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ഇതുവരെ മഴക്കെടുതിയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പതിനാലിലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. കനത്ത മഴ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്താനിരുന്ന പൂനെ സന്ദർശനം റദ്ദാക്കി. പൂനെ,​ താനെ, റായ്ഗഡ്, രത്നാഗിരി എന്നിവിടങ്ങളിൽ റെഡ് അലർട്ടും പാൽഘർ, സബർബിൽ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടുമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയതോടെ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസം വൈകിട്ട് അപ്രതീക്ഷിതമായാണ് മഴ പെയ്തത്. ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടായി. മിനിട്ടുകൾക്കുള്ളിൽ റോഡുകളിൽ വെള്ളക്കെട്ടായി. മുളുണ്ട്, ഭാണ്ഡൂപ് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

വസായ് മേഖലയിൽ മണിക്കൂറുകൾ നീണ്ടുനിന്ന മഴയെത്തുടർന്ന് റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മുംബൈ– അഹമ്മദാബാദ് ദേശീയപാത, ചിൻചോട്ടി–ഭിവണ്ടി റോഡ്, താനെ ഗോഡ്ബന്ദർ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് കാരണം മണിക്കൂറുകൾ നീണ്ട ഗതാഗതാക്കുരുക്ക് ഉണ്ടായി. വിളവെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഗ്രാമീണ മേഖലകളിൽ വൻ കൃഷിനാശവും റിപ്പോർട്ട് ചെയ്തു.

കോർപ്പറേഷന് എതിരെ കേസ്

കഴിഞ്ഞ ദിവസം ഓവുചാലിൽ വീണ് 45കാരി മരിച്ച സംഭവത്തിൽ കോർപ്പറേഷനെതിരെ പൊലീസ് കേസെടുത്തു. അന്ധേരിയിലെ ഓവുചാലിൽ വീണ് വിമല അനിൽ ഗെയ്ക്വാദ് ആണ് മരിച്ചത്. സംഭവത്തിൽ മുംബയ് മുനിസിപ്പൽ കോർപ്പറേഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കനത്ത മഴയിൽ റോഡുകളുൾപ്പടെ വെള്ളത്തിൽ മുങ്ങിയിരുന്നു. തുറന്ന് കിടന്ന മാൻഹോൾ കാണാതെ വിമല ഇതിനുള്ളിലേക്ക് വീഴുകയായിരുന്നു. വിമലയെ പുറത്തെത്തിച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് കോർപ്പറേഷനെതിരെ വിമലയുടെ ഭർത്താവ് പരാതി നൽകി.