
കൊച്ചി: ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ജോത്സ്യൻ പ്രഭാത് ഭാസ്‌കരൻ ജ്യോതിഷത്തിൽ മിടുക്കനെന്ന് പൊലീസ്. ഇയാളുടെ ബന്ധുക്കളും ജ്യോതിഷം മേഖലയിൽ അറിയപ്പെടുന്നവരാണ്. തൃശൂർ സ്വദേശിയായ പ്രഭാതിനെ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചാത്തൻസേവയിലൂടെ തനിക്ക് അത്ഭുത പ്രവൃത്തികൾ ചെയ്യാൻ സാധിക്കുമെന്ന് സമൂഹമാദ്ധ്യമങ്ങൾ വഴി ഇയാൾ വലിയ രീതിയിൽ പ്രചാരണം നടത്തിയിരുന്നു.
സമൂഹമാദ്ധ്യത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടത്. കുടുംബപ്രശ്നം പരിഹരിക്കാനെന്ന പേരിലായിരുന്നു പൂജ. തൃശൂരിലെ കേന്ദ്രത്തിൽ മേയിൽ പൂജ നടത്തിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ലെന്ന് പറഞ്ഞാണ് യുവതിയെ കൊച്ചിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. പൂജകൾ നടത്തുമ്പോൾ മറ്റാരും ഉണ്ടാവാൻ പാടില്ലെന്ന് ഇയാൾ നിർദേശിച്ചിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ കുട്ടിച്ചാത്തൻ ഉപദ്രവിക്കുമെന്ന് പ്രഭാത് പറഞ്ഞുവെന്നും വധഭീഷണി മുഴക്കിയെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് വീട്ടമ്മ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, ജ്യോതിഷത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ ജ്യോത്സ്യൻ അനീഷിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസാണ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്.