bird-flue

കോട്ടയം: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളെ പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ തുടർനടപടികൾ കർശനമാക്കും. ഗതാഗത വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ കെ.എം. വിജിമോൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.സജീവ്കുമാർ, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മായ ജെയിംസ്, മൃസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നടപടികൾ ഇങ്ങനെ

മൂന്നു താലൂക്കുകളിൽ ഡിസംബർ 31 വരെ കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്ക് കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടുപോകാനോ പാടില്ല.

ഫാമുകളിൽ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെയോ കൊണ്ടുവരാൻ പാടില്ല.

ഹാച്ചറികളിൽ വിരിയുന്നതിനായി വച്ച മുട്ടകൾ നശിപ്പിക്കണം.
ഡിസംബർ 31 വരെ വളർത്തു പക്ഷികളുടെ വിതരണം നടത്തരുതെന്ന് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഏജൻസികൾക്കും ഹാച്ചറികൾക്കും നിർദേശം നൽകും.

കർഷകർ വലഞ്ഞുപോകും

നിയന്ത്രണം കടുപ്പിക്കുന്ന സാഹചര്യത്തിൽ നൂറുകണക്കിന് കർഷകരാണ് പ്രതിസന്ധിയിലാകുന്നത്. മുട്ടകൾ നശിപ്പിച്ചാൽ ഹാച്ചറികൾക്ക് ഉൾപ്പെടെ വലിയ നഷ്ടമുണ്ടാകും. വലിയയൊരു വിഭാഗം കർഷകരുടെ ഉപജീവനമാർഗമാണ് വഴിമുട്ടുന്നത്.