
മലപ്പുറം: ഡോക്‌ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി മരുന്ന് എഴുതി വാങ്ങി യുവാവ്. മലപ്പുറം പൊന്നാനിയിലെ താലൂക്ക് ആശുപത്രിയിൽ ചൊവ്വാഴ്‌ച രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. അമിത ശേഷിയുള്ള മയക്കുഗുളികകൾ എഴുതി നൽകണമെന്നാവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്.
മനോരോഗ വിദഗ്ധന്റെ കുറിപ്പില്ലാതെ മരുന്ന് നൽകാനാവില്ലെന്ന് ഡോക്‌ടർ പറഞ്ഞു. ഇതോടെ മടങ്ങിപ്പോയ യുവാവ് വീണ്ടുമെത്തി ഡോക്‌ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി മരുന്ന് എഴുതിക്കുകയായിരുന്നു. യുവാവ് ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവത്തിൽ ഡോക്‌ടർ പൊലീസിൽ പരാതി നൽകി. തുടർന്ന് ആശുപത്രിയിൽ നിന്ന് പൊലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. യുവാവ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലെത്താറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. യുവാവിനെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.