cricket

ഇന്ത്യ - ബംഗ്ളാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതൽ കാൺപൂരിൽ

മത്സരത്തിന് ഭീഷണിയായി മഴയും ഇളകിയ ഗാലറിയും രാഷ്ട്രീയ എതിർപ്പും

കാൺപൂർ : ഇന്ത്യയും ബംഗ്ളാദേശും തമ്മിൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി കാൺപൂരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലെത്തുമ്പോൾ ഭീഷണിയുമായി എത്തുക മൂന്ന് ഘടകങ്ങളാണ്. ഒന്ന് മഴ, രണ്ട് സ്റ്റേഡിയം ഗാലറിയുടെ ബലക്കുറവും ഫ്ളഡ്‌ലിറ്റിന്റെ തകരാറും. മൂന്നാമതായി ബംഗ്ളാദേശ് ടീമിനെ ഇന്ത്യയിൽ കളിപ്പിക്കുന്നതിൽ കളിക്കളത്തിന് പുറത്ത് ഹിന്ദു സംഘടനകൾ ഉയർത്തുന്ന പ്രതിഷേധവും.

ഇന്ത്യൻ പര്യടനത്തിനെത്തിയ ബംഗ്ളാദേശ് ടീമിന്റെ അവസാന ടെസ്റ്റാണിത്. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസിന് ജയിച്ചിരുന്നു. ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് പാകിസ്ഥാനിൽചെന്ന് അവരെ രണ്ടുടെസ്റ്റുകളിൽ കീഴടക്കിയ ആവേശവുമായാണ് നജ്മൽ ഹസൻ ഷാന്റോയും സംഘവും ചെന്നൈയിലെത്തിയത്. എന്നാൽ നാലുദിവസംകൊണ്ടുതന്നെ പാകിസ്ഥാനല്ല ഇന്ത്യയെന്ന് ബംഗ്ളാദേശുകാർക്ക് മനസിലായി. ചെന്നൈയിലെ പിച്ചിൽ പേസർമാർക്ക് മുന്നിൽ ആദ്യം അൽപ്പം പകച്ചെങ്കിലും ആൾറൗണ്ടർമാരായ അശ്വിന്റേയും ജഡേജയുടെയും പോരാട്ടത്തിലൂടെ ഇന്ത്യ കളം തിരിച്ചുപിടിച്ചു.രണ്ടാം ഇന്നിംഗ്സിൽ ശുഭ്മാൻ ഗില്ലും റിഷഭ് പന്തും കൂടി സെഞ്ച്വറികൾ തീർത്തതോടെ ഷാന്റോയും സംഘവും നിസഹായരായി പത്തിമടക്കി.

കാൺപൂരിലേക്ക് എത്തുമ്പോൾ പരമാവധി പൊരുതി നിൽക്കുക എന്നതിനപ്പുറത്ത് അത്ഭുതങ്ങൾ ഒന്നും ബംഗ്ളാദേശ് ടീം പ്രതീക്ഷിക്കുന്നുണ്ടാവില്ല. പക്ഷേ ഇന്ത്യയ്ക്ക് വിജയത്തിനപ്പുറത്ത് ചില ലക്ഷ്യങ്ങൾ കൂടിയുണ്ട്. അടുത്ത മാസം ന്യൂസിലാൻഡിന് എതിരെയും അതിനടുത്തമാസം ഓസ്ട്രേലിയയ്ക്ക് എതിരെയും നടക്കുന്ന ടെസ്റ്റ് പരമ്പരകൾക്ക് മുമ്പ് ചില മുൻനിര താരങ്ങൾക്ക് ഫോം കണ്ടെത്തേണ്ടതുണ്ട്. സാക്ഷാൽ വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ എന്നിവർ ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയത്. ഇരുവർക്കും കാൺപൂരിൽ തിളങ്ങി ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. പിച്ചിന്റെ സ്വഭാവം വിലയിരുത്തിയാകും ഇന്ത്യ പ്ളേയിംഗ് ഇലവനെ നിശ്ചയിക്കുക. സാധാരണഗതിയിൽ കാൺപൂർ പിച്ച് സ്പിന്നിനെ തുണയ്ക്കും. അങ്ങനെയെങ്കിൽ ചെന്നൈയിൽ നിന്ന് വ്യത്യസ്തമായി മൂന്ന് പേസർമാർക്ക് പകരം മൂന്ന് സ്പിന്നർമാർ കളിക്കും. പേസർ ആകാശ് ദീപിന് പകരം കുൽദീപ് യാദവോ അക്ഷർ പട്ടേലോ ആകും കളത്തിലിറങ്ങുക. എന്നാൽ മഴയുണ്ടെങ്കിൽ മുതലാക്കാനായി മൂന്ന് പേസർമാരെ കളിപ്പിച്ചാലും അതിശയം വേണ്ട.

മഴ

അടുത്തമൂന്ന് ദിവസം കനത്ത മഴയാണ് കാൺപൂരിൽ പ്രതീക്ഷിക്കുന്നത്. ഇന്ന് മഴയ്ക്കുള്ള സാദ്ധ്യത 92ശതമാനമാണെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രചനം. വെളിച്ചക്കുറവിനെ നേരിടാനുള്ള ഫ്ളഡ്ലിറ്റുകളിൽ പകുതിയും പ്രവർത്തനക്ഷമമല്ലാത്തത് മറ്റൊരു പ്രശ്നമാണ്.

പിച്ച്

ചെന്നൈയിലെ ചുവന്നമണ്ണുകൊണ്ടുള്ള പിച്ചിൽ നിന്ന് വ്യത്യസ്തമായി കറുപ്പുമണ്ണിൽ തയ്യാറാക്കിയ രണ്ട് ഫ്ളാറ്റ് വിക്കറ്റുകളാണ് കാൺപൂരിലുള്ളത്. ഇത് സ്പിന്നിനെ സഹായിക്കും. മഴയില്ലെങ്കിൽ അവസാനദിവസങ്ങളിൽ സ്പിന്നർമാർക്ക് പറുദീസയാകും. അമിതമായ സ്പിൻ കാരണം മുമ്പ് പരാതികൾ ഉയർന്നിട്ടുണ്ട്.

ഗാലറി

ഗാലറിയുടെ സി സ്റ്റാൻഡിന്റെ ബാൽക്കണി ഭാഗം സുരക്ഷിതമല്ലെന്നാണ് പി.ഡബ്ളുയു.ഡി റിപ്പോർട്ട്.ഇവിടെ പകുതി ആൾക്കാരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് നിർദ്ദേശമുണ്ട്. കാണികൾ തുള്ളിച്ചാടുകയോ കൂട്ടും കൂടുകയോ ചെയ്യുന്നത് ഗാലറി ഇടിയാൻ കാരണമാകും. പുനരുദ്ധാരണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മഴയാണ് തടസമായത്.

പ്രതിഷേധം

ബംഗ്ളാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് എതിരെ ഉണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധമുയർത്തി ഹിന്ദു മഹാസഭ ബംഗ്ളാദേശ് ടീമിനെ ഇന്ത്യയിൽ കളിപ്പിക്കില്ലെന്ന നിലപാടിലാണ്. ഇതിനെനേരിടാൻ കനത്ത പൊലീസ് സന്നാഹമാണ് ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്.