
പാട്ന: ബീഹാറിലെ ഉത്സവമായ ജിവിത്പുത്രിക ആഘോഷത്തിനിടെ 43 പേർ മുങ്ങിമരിച്ചു. ഇതിൽ 37 പേർ കുട്ടികളാണ്. മൂന്ന് പേരെ കാണാതായി.
ബുധനാഴ്ച നടന്ന ആഘോഷത്തിൽ സംസ്ഥാനത്തെ 15ഓളം ജില്ലകളിൽ വിവിധയിടങ്ങളിലായി നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി പുഴയിലും തോടുകളിലും ഇറങ്ങിയവർക്കാണ് ദുരന്തമുണ്ടായത്. ഔറംഗാബാദിലും പാട്നയിലും മാത്രം 9 വീതം കുട്ടികൾ മരിച്ചു. കഴിഞ്ഞ വർഷം ഇതേ ആഘോഷത്തിനിടയിൽ 15 കുട്ടികളടക്കം 22 പേർ മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മക്കളുടെ ഐശ്വര്യത്തിനായി മാതാപിതാക്കൾ ഉപവാസമിരിക്കുന്ന ചടങ്ങാണിത്. ഇതിന് മുന്നോടിയായി മക്കളെ കുളിപ്പിച്ച് ശുദ്ധിവരുത്തുന്ന ചടങ്ങുണ്ട്. ഇതിനാണ് നദികളിലും കുളങ്ങളിലും ഇറങ്ങിയത്.