
ഒട്ടാവ: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടിനെ രണ്ട് ചെറു പാർട്ടികളുടെ സഹായത്തോടെ അതിജീവിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്രൂഡോയെ പുറത്താക്കാൻ വീണ്ടും ശ്രമിക്കുമെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി വ്യക്തമാക്കി. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ, ഹൗസ് ഒഫ് കോമൺസിൽ (പാർലമെന്റിന്റെ അധോസഭ) നടന്ന വോട്ടിൽ 211 എം.പിമാർ പ്രമേയത്തെ എതിർത്തു. 120 എം.പിമാർ അനുകൂലിച്ചു. ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത 338 അംഗ പാർലമെന്റിൽ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് 153 എം.പിമാരുണ്ട്. ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി), ബ്ലോക്ക് കീബെക്വ പാർട്ടി എന്നിവരും രണ്ട് ഗ്രീൻ പാർട്ടി അംഗങ്ങളും രണ്ട് സ്വതന്ത്രരും ലിബറലുകൾക്കൊപ്പം പ്രമേയത്തെ എതിർത്തു. 170 വോട്ടാണ് കേവല ഭൂരിപക്ഷം. ഖാലിസ്ഥാൻ അനുകൂലിയായ ജഗ്‌മീത് സിംഗിന്റെ എൻ.ഡി.പി (24 എം.പിമാർ) അടുത്തിടെ ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതാണ് അവിശ്വാസ വോട്ടിലേക്ക് നയിച്ചത്. 2025 വരെ ട്രൂഡോയെ അധികാരത്തിൽ നിലനിറുത്തുമെന്നായിരുന്നു ഇവർക്കിടെയിലെ കരാർ. അതേസമയം, കൺസർവേറ്റീവുകൾ അധികാരത്തിലെത്തുന്നത് തടയാനാണ് എൻ.ഡി.പി പ്രമേയത്തെ എതിർത്തത്.
കുരുക്ക് അഴിഞ്ഞിട്ടില്ല
1. ക്രിസ്മസിന് മുമ്പ് കൺസർവേറ്റീവുകൾ രണ്ട് അവിശ്വാസ പ്രമേയം സമർപ്പിക്കും. ആദ്യ വോട്ടെടുപ്പ് അടുത്തയാഴ്‌ച
2. പരാജയപ്പെട്ടാൽ സർക്കാർ വീഴും. 2025 ഒക്ടോബറിലെ തിരഞ്ഞെടുപ്പ് നേരത്തെയാകും
3. ലിബറലുകൾക്ക് പിടിച്ചുനിൽക്കാൻ ഏതെങ്കിലും ഒരു പാർട്ടിയുടെ പിന്തുണ അനിവാര്യം
4. ക്ഷീരകർഷക സഹായമടക്കം രണ്ട് ആവശ്യങ്ങൾ ട്രൂഡോ ഒക്ടോബർ 29ന് മുമ്പ് അംഗീകരിക്കണമെന്ന് ബ്ലോക്ക് പാർട്ടി. ഇല്ലെങ്കിൽ ട്രൂഡോയെ വീഴ്ത്താൻ പ്രതിപക്ഷത്തിനൊപ്പം ചേരും