
കാൺപൂർ : ട്വന്റി-20 ക്രിക്കറ്റിൽ നിന്ന് താൻ വിരമിച്ചതായി പ്രഖ്യാപിച്ച് ബംഗ്ളാദേശി ആൾറൗണ്ടറും മുൻ നായകനുമായ ഷാക്കിബ് അൽ ഹസൻ. അടുത്തമാസം മിർപുരിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ കളിച്ച് ആ ഫോർമാറ്റിനോടും വിടപറയണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാൽ സുരക്ഷാകാരണങ്ങളാൽ അതിന് അവസരം ലഭിക്കുന്നില്ലെങ്കിൽ ഇന്ന് തുടങ്ങുന്ന കാൺപുർ ടെസ്റ്റ് തന്റെ അവസാനത്തേതാകുമെന്നും 37കാരനായ ഷാക്കിബ് ഇന്നലെ കാൺപൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബംഗ്ളാദേശ് കണ്ട ഏറ്റവും മികച്ച ആൾറൗണ്ടർമാരിൽ ഒരാളായ ഷാക്കിബ് രാജ്യത്തിനായി 129 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 2551 റൺസും 149 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2006ൽ സിംബാബ്‌വെയ്ക്ക് എതിരെ ട്വന്റി-20യിൽ അരങ്ങേറ്റം കുറിച്ച ഷാക്കിബ് കഴിഞ്ഞ ലോകകപ്പ് സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാനെതിരെയാണ് അവസാന മത്സരം കളിച്ചത്. 70 ടെസറ്റുകളിൽ നിന്ന് അഞ്ച് സെഞ്ച്വറികളുടെയും 31 അർദ്ധസെഞ്ച്വറികളുടെയും അകമ്പടിയോടെ 4600 റൺസ് നേടി. 242 വിക്കറ്റുകളും സ്വന്തം പേരിലുണ്ട്. 247 ഏകദിനങ്ങളിൽ നിന്ന് 7570 റൺസും 317വിക്കറ്റുകളും നേടിയിട്ടുണ്ട്. അടുത്തവർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയോടെ ഏകദിനവും മതിയാക്കും.
2007 മുതലുള്ള എല്ലാ ട്വന്റി-20 ലോകകപ്പുകളിലും കളിച്ചിട്ടുള്ള താരമാണ് ഷാക്കിബ്.
ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ് ഷാക്കിബ്.
ടെസ്റ്റിൽ 200 വിക്കറ്റ് തികച്ചിട്ടുള്ള ഏക ബംഗ്ലാദേശ് ബൗളറും ഷാക്കിബാണ്.
അടുത്തിടെ ബംഗ്ലാദേശിലുണ്ടായ ആഭ്യന്തര കലാപത്തിനു ശേഷം ഷാക്കിബ് അവിടേക്ക് പോയിട്ടില്ല. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയിൽ അംഗമായ ഷാക്കിബിനെ ഓഗസ്റ്റിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ റൂബൽ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതി ചേർത്തിരുന്നു.