pv-anvar

മലപ്പുറം: പാതിരാത്രി രണ്ട് മണിക്ക് തന്റെ വീടിനടുത്ത് പൊലീസ് എത്തിയെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തന്നെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്‌തേക്കാവുന്ന സ്ഥിതിയുണ്ടെന്നും പൊലീസുകാര്‍ തന്റെ പിന്നാലെ തന്നെയുണ്ടെന്നും അന്‍വര്‍ പറയുന്നു. വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയില്‍ പോലും തന്നെ പൊലീസ് പിടിക്കുമോയെന്ന് അറിയില്ലെന്നും അന്‍വര്‍ പറഞ്ഞു.

ഇതിന്റെയൊക്കെ ഭാഗമായിട്ടാണ് പാതിരാത്രിയില്‍ പോലും പൊലീസ് തന്റെ വീടിന് സമീപത്ത് വന്ന് പോയതെന്നും അന്‍വര്‍ പറയുന്നു.

പൊലീസിന്റെ സ്വര്‍ണ മോഷണത്തില്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിവ് സഹിതമാണ് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതിയില്‍ മുഖ്യമന്ത്രി മറുപടിയായി നല്‍കിയത് എഡിജിപി എംആര്‍ അജിത് കുമാര്‍ എഴുതി നല്‍കിയ കെട്ടുകഥയാണെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്തില്‍ പിടികൂടുന്നവയുടെ തൊണ്ടി മൊതലില്‍ പകുതിയില്‍ താഴെ മാത്രമാണ് പൊലീസ് കസ്റ്റംസിന് കൈമാറുന്നത്. ഈ വിഷയത്തില്‍ ഇനി തന്റെ പ്രതീക്ഷ കോടതിയില്‍ മാത്രമാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'നിലവിലെ അന്വേഷണം പൊലീസ് തീരുമാനിക്കുന്നത് പോലെയാണ് നടക്കുന്നത്. പോലീസിന്റെ സ്വര്‍ണം അടിച്ചുമാറ്റലുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടക്കാത്തതിനാല്‍ ഞാന്‍ തന്നെ ഒരു അന്വേഷണ ഏജന്‍സിയായി മാറി. വേറെ നിവൃത്തിയില്ലായിരുന്നു. അതിന്റെ ഭാഗമായി കാരിയര്‍മാരുമായും അവരുടെ ബന്ധുക്കളുമായും സംസാരിച്ചു. സ്വകാര്യമായി സംസാരിച്ചു. അവരുടെ വീടുകളില്‍ പോയാണ് സംസാരിച്ചത്. ഞാന്‍ എന്റെ വീട്ടിലേക്ക് അവരെ വിളിപ്പിച്ചിട്ടുണ്ട്.

ഇത്തരം ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എന്നിട്ട് ഇപ്പോള്‍ മുഖ്യമന്ത്രി എന്താണ് പറഞ്ഞത്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അന്‍വറാണോ എന്ന് നോക്കണം എന്ന്. പേരില്ല എന്നേയുള്ളൂ, ബാക്കി എല്ലാം അദ്ദേഹം പറഞ്ഞല്ലോ. എന്റെ ഫോണിലാണ് ഞാന്‍ എല്ലാവരെയും വിളിച്ചത്. വാട്സാപ്പില്‍ വിളിക്കാന്‍ പോയിട്ടില്ല. അതിനാല്‍ കോള്‍ റെക്കോഡ് ഉണ്ടാകും. ഇതെല്ലാം ശേഖരിച്ച് അജിത്കുമാര്‍ പറഞ്ഞ കഥയിലേക്ക് എന്നെ പ്രതിയാക്കാന്‍ നീക്കം നടക്കുകയാണ്. മുഖ്യമന്ത്രി ഒന്ന് മലപ്പുറത്ത് പാര്‍ട്ടി സെക്രട്ടറിയെ വിളിക്കേണ്ട, ഇയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ?' - അന്‍വര്‍ പറഞ്ഞു.