
വാഷിംഗ്ടൺ: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയത് ആസൂത്രിതമായ നീക്കത്തിലൂടെയെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. യു.എസിൽ 'ക്ലിന്റൻ ഗ്ലോബൽ ഇനിഷ്യേറ്റീവ്" സംഘടിപ്പിച്ച പരിപാടിയിൽ ഹസീനയുടെ പതനത്തിലേക്ക് നയിച്ച പ്രക്ഷോഭത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു യൂനുസ്. ഒരു യുവതിയെയും രണ്ട് യുവാക്കളെയും വേദിയിലേക്ക് ക്ഷണിച്ച യൂനുസ് രാജ്യത്തെ വിറപ്പിച്ച 'വിപ്ലവ"ത്തിന് പിന്നിൽ ഇവരാണെന്ന് പറഞ്ഞു. ഇക്കൂട്ടത്തിൽ മഹ്ഫുജ് അബ്ദുള്ള (മഹ്ഫുജ് അലാം) എന്ന യുവാവിനെ പ്രക്ഷോഭത്തിന്റെ 'ബുദ്ധികേന്ദ്രം" ആയാണ് വിശേഷിപ്പിച്ചത്. യൂനുസിന്റെ സ്‌പെഷ്യൽ അസിസ്റ്റന്റാണിയാൾ. 'ലോകത്തെ യുവജനങ്ങൾക്ക് ഇവർ പ്രചോദനമാണ്. സാധാരണ യുവാക്കളെ പോലെ തോന്നുമെങ്കിലും ആരെയും വിറപ്പിക്കുന്ന പ്രസംഗമാണിവർക്ക്. പ്രക്ഷോഭം സൂക്ഷ്‌മമായി രൂപകല്പന ചെയ്‌തതും ശ്രദ്ധാപൂർവ്വം ആവിഷ്‌കരിച്ചതുമാണ്. പ്രക്ഷോഭത്തെ നയിച്ചത് ആരാണെന്ന് ഭരണകൂടത്തിന് പോലും അറിവില്ലായിരുന്നു. അതിനാൽ അവർക്ക് പ്രക്ഷോഭത്തെ തകർക്കാനായില്ല. "- യൂനുസ് പറഞ്ഞു. ക്ലിന്റൻ ഗ്ലോബൽ ഇനിഷ്യേറ്റീവ് സ്ഥാപകനും യു.എസ് മുൻ പ്രസിഡന്റുമായ ബ്ലിൽ ക്ലിന്റൻ വേദിയിൽ നിൽക്കെയായിരുന്നു പരാമർശം.
സർക്കാർ ജോലിയിലെ സംവരണത്തിനെതിരെ തുടങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭം രാജ്യവ്യാപക കലാപമായി മാറിയതോടെ പ്രധാനമന്ത്രി പദം രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽ അഭയം തേടി. പിന്നാലെ, നോബൽ ജേതാവായ യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ അധികാരത്തിലേറി.