ഓച്ചിറ: ഓച്ചിറയിൽ ഗുണ്ടാവിളയാട്ടം. റേഷൻ കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം ജീവനക്കാരിയെ അസഭ്യം പറയുകയും ഉപഭോക്താവിനെയും കുടുംബത്തെയും അടുത്ത സ്ഥാപന ഉടമയെയും മർദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് ഓച്ചിറ പായിക്കുഴി തോപ്പിൽ മുക്കിലുള്ള റേഷൻകടയിലാണ് ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പായിക്കുഴി കളത്തൂർ വീട്ടിൽ സുഗതൻ (58), ബി.കെ ഫിനാൻസ് ഉടമ ദിനേഷ് ഭവനിൽ ദിനേഷ് (48) എന്നിവർ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. റേഷൻ സാധനം വാങ്ങുവാൻ കടയിലെത്തിയ സുഗതനെ ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ചാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. ഇത് കണ്ട് തടയാനെത്തിയ ദിനേശിനെയും മർദ്ദിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ വടിവാളും മാരകായുധങ്ങളും വീശി സംഘം രക്ഷപ്പെട്ടു. തുടർന്ന് വയനകം ജംഗ്ഷനിലെത്തിയ സംഘം നിരവധിയാളുകളെ വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.

മൂന്ന് പേർക്കെതിരെ കേസ്, ആളുമാറി മർദ്ദനം

രണ്ടു ദിവസം മുമ്പ് ഈ ഗുണ്ടാസംഘം പായിക്കുഴി തോപ്പിൽ മുക്കിൽ വെച്ച് വഴി തടസം ഉണ്ടാക്കിയ ഗൃഹനാഥനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം വിശദീകരിച്ചും തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടും ഗൃഹനാഥൻ ഓച്ചിറ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി പൊലീസിൽ നിന്ന് ഗുണ്ടാ സംഘത്തിന് ചോർന്ന് കിട്ടിയതായി സംശയിക്കുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം റേഷൻ കടയിലെത്തി ആളുമാറി മർദ്ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. നിരവധി ആക്രമണ കേസുകളിൽ പ്രതികളായ ഓച്ചിറ വയനകം സ്വദേശി അനന്തു, വലിയകുളങ്ങര സ്വദേശി അപ്പു എന്നു വിളിക്കുന്ന അനു എന്നിവരുൾപ്പെടെ കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.

ക്രമസമാധാനം പുനസ്ഥാപിക്കണം

28ാം ഓണം പ്രമാണിച്ച് ഓച്ചിറയിലെ വിവിധ കരകളിൽ കാളകെട്ട് നിർമ്മാണം പുരോഗമിക്കുകയാണ്. ഗുണ്ടാസംഘങ്ങൾ ആക്രമണം തുടർന്നാൽ 28ാം ഓണമഹോത്സവത്തെ ബാധിക്കുമെന്നും അക്രമിസംഘത്തെ എത്രയും പെട്ടെന്ന് കണ്ടെത്തി ഓച്ചിറയിലെ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ കമ്മിഷണർക്ക് നൽകുന്നതിനായി ഒപ്പുശേഖരണം നടന്നുവരുന്നു.