
റിയാദ്: സൗദി അറേബ്യയിൽ സോഷ്യൽ മീഡിയയിലൂടെ ഭരണകൂടത്തെ വിമർശിച്ചയാൾക്ക് 30 വർഷം തടവ് ശിക്ഷ. മുഹമ്മദ് അൽഗംദി (50) എന്ന മുൻ അദ്ധ്യാപകനെതിരെയാണ് നടപടി. കേസിൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ആഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2022 ജൂണിലാണ് ഇയാൾ ആദ്യമായി അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂലായിൽ വധശിക്ഷയ്ക്ക് വിധിച്ചു. സർക്കാരിനെതിരായ ഗൂഢാലോചന, തീവ്രവാദത്തെ പിന്തുണയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടു. എന്നാൽ അപ്പീൽ സമർപ്പിച്ചതോടെ റദ്ദാക്കുകയായിരുന്നു. ഇതേ കുറ്റത്തിന് ഇയാളുടെ സഹോദരന് 20 വർഷം തടവുശിക്ഷ വിധിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്. സൗദി ഭരണകൂടം വിഷയത്തിൽ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.