
കാന്‍പൂര്‍: ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലായാലും ശരി പാകിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. പാകിസ്ഥാനെ അവരുടെ നാട്ടില്‍ 2-0ന് തോല്‍പ്പിച്ച ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യയിലെത്തിയത്. പാകിസ്ഥാനെ തകര്‍ത്ത ബംഗ്ലാദേശ് പക്ഷേ ഇന്ത്യയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബംഗ്ലാദേശ് മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന്‍.
പാകിസ്ഥാനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചതുകൊണ്ട് തന്നെ ഇന്ത്യക്കെതിരെയും ബംഗ്ലാദേശ് അത്ഭുതം കാണിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ വളരെ മികച്ച ടീമാണ്, ടെസ്റ്റ് ക്രിക്കറ്റില്‍ നാട്ടില്‍ അവരെ തോല്‍പ്പിക്കുകയെന്നത് ഏറെക്കുറേ അസംഭവ്യമാണെന്ന് തന്നെ പറയാം. മികച്ച താരങ്ങളും നല്ല അനുഭവസമ്പത്തും അവര്‍ക്കുണ്ട്. അത് തന്നെയാണ് അവരെ തോല്‍പ്പിക്കുന്നതിന് തടസമാകുന്ന പ്രധാനപ്പെട്ട ഘടകം - ഷാക്കിബ് പറഞ്ഞു.
പക്ഷേ പാകിസ്ഥാന്റെ കാര്യത്തില്‍ അവരുടെ താരങ്ങളെല്ലാം തന്നെ അനുഭവസമ്പത്ത് കുറഞ്ഞവരാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അനുഭവസമ്പത്ത് ഒരു വലിയ ഘടകമാണെന്ന് ഞാന്‍ കരുതുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് പാക് താരങ്ങള്‍ റെഡ് ബോളില്‍ കളിച്ചിട്ടുള്ളത്. ബംഗ്ലാദേശ് താരങ്ങളില്‍ നിരവധിപേര്‍ പാക് താരങ്ങളെക്കാള്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അത് പാക് പര്യടനത്തില്‍ ഗുണം ചെയ്യുകയും ചെയ്തുവെന്നും ഷാക്കിബ് അഭിപ്രായപ്പെട്ടു.
ഇത് തന്നെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം. അതുകൊണ്ട് തന്നെ രോഹിത് ശര്‍മ്മ നയിക്കുന്ന മികച്ച നിരയുള്ള ഇന്ത്യയേയും പരിചയസമ്പന്നരുടെ നിരയല്ലാത്ത പാകിസ്ഥാനേയും തമ്മില്‍ താരതമ്യം ചെയ്യുന്നതിന് പോലും സാധിക്കില്ലെന്നും ഷാക്കിബ് പറയുന്നു. അതേസമയം, ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം വെള്ളിയാഴ്ച കാന്‍പൂരില്‍ ആരംഭിക്കും. ചെന്നൈ ടെസ്റ്റില്‍ 280 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.