
കൊച്ചി: റെക്കാഡ് കീഴടക്കി വില പുതിയ ഉയരങ്ങളിലെത്തിയതോടെ ഇന്ത്യയ്ക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം 180 ലക്ഷം കോടി രൂപ കവിഞ്ഞു. ഇന്ത്യന്‍ കുടുംബങ്ങള്‍, അതിസമ്പന്നര്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ കൈവശം മൊത്തം 25,000 ടണ്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് വിലയിരുത്തുന്നത്. നിലവിലെ വിലയനുസരിച്ച് ഒരു കിലോ സ്വര്‍ണത്തിന് 72 ലക്ഷം രൂപയാണ് വില.
25 വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 700 ടണ്‍ സ്വര്‍ണമാണ് ഔദ്യോഗികമായി ഇന്ത്യ ഇറക്കുമതി നടത്തിയത്. ഇക്കാലയളവിലെ മൊത്തം ഇറക്കുമതി 17,500 ടണ്ണാണ്. കള്ളക്കടത്ത് മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലെത്തിയ സ്വര്‍ണം ഇതിന്റെ മൂന്നിരട്ടിയുണ്ടാകും. ഇറക്കുമതിയുടെ പത്ത് ശതമാനം മാത്രമാണ് പുനര്‍കയറ്റുമതി നടത്തിയത്.
ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ ശേഖരം അയ്യായിരം ടണ്‍ കവിയും. നടപ്പുവര്‍ഷം സ്വര്‍ണ വിലയില്‍ 25 ശതമാനം വര്‍ദ്ധനയാണുണ്ടായത്. പുതിയ കണക്കുകളനുസരിച്ച് റിസര്‍വ് ബാങ്കിന്റെ കൈവശം 842 ടണ്‍ സ്വര്‍ണമാണുള്ളത്. ഇതിന്റെ മൂല്യം 6.8 ലക്ഷം കോടി രൂപയാണ്.
ഇന്ത്യയ്ക്കാരുടെ കൈവശമുള്ള സ്വര്‍ണ ശേഖരം 25,000 ടണ്‍
ഒരു കിലോ സ്വര്‍ണത്തിന്റെ വില 72 ലക്ഷം രൂപ
25 വര്‍ഷത്തിനിടെ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 17,500 ടണ്‍
കേരളത്തിലെ മൂന്ന് എന്‍.ബി.എഫ്.സികളുടെ കൈവശം സ്വര്‍ണം 320 ടണ്‍
സ്വര്‍ണ പണയത്തിന് നല്ലകാലം
സ്വര്‍ണ വില പുതു ഉയരങ്ങളിലേക്ക് നീങ്ങിയതോടെ കേരളത്തിലെ മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റ് ഫിന്‍ കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ് എന്നിവയുടെ ബിസിനസ് ഗണ്യമായി കൂടുന്നു. ഇതോടൊപ്പം പൊതു മേഖല, സ്വകാര്യ ബാങ്കുകളുടെ സ്വര്‍ണ പണയ വായ്പകളും മികച്ച വളര്‍ച്ച നേടുകയാണ്. 2027 മാര്‍ച്ചോടെ ഇന്ത്യയിലെ സ്വര്‍ണ പണയ വിപണി 15 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ ഐ.സി.ആര്‍.എ വ്യക്തമാക്കി.