footages

ടെൽഅവീവ്: ഹിസ്ബുളളയുടെ ഉന്നത കമാൻഡറായ മുഹമ്മദ് ഹുസൈൻ സ്രോറിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് (ഐഡിഎഫ്). ബെയ്റൂട്ടിൽ ജനങ്ങൾ താമസിച്ചിരുന്ന വിവിധ കെട്ടിടങ്ങളിൽ സ്‌ഫോടനങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹിസ്ബുളളയെ ലക്ഷ്യം വച്ച് ഈ ആഴ്ച നടക്കുന്ന നാലാമത്തെ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

1973ൽ തെക്കൻ ലെബനൻ ഗ്രാമമായ 'ഐത അൽ ഷാബിൽ' ജനിച്ച' ഹജ്ജ് അബു സാലിഹ്' എന്നറിയപ്പെട്ടിരുന്ന സ്രോർ 1996ലാണ് ഹിസ്ബുളളയിൽ ചേർന്നത്. സംഘടനയ്ക്കുളളിലെ വിവിധ നേതൃത്വസ്ഥാനങ്ങൾ ഏറ്റെടുക്കുകയും അതിന്റെ സൈനിക പ്രവർത്തനങ്ങളിലേർപ്പെട്ട് ഹിസ്ബുളളയിലെ പ്രമുഖ കമാൻഡറായി മാറുകയുമായിരുന്നു അദ്ദേഹം. ഇസ്രായേലിനെതിരായ നിരവധി തന്ത്രപ്രധാനമായ നീക്കങ്ങളിൽ സ്രോർ പ്രധാന പങ്കുവഹിക്കുകയും ലെബനന്റെ കിഴക്കൻ അതിർത്തികളിലും സിറിയയിലും നടന്ന യുദ്ധങ്ങളിൽ നിർണായക സാന്നിദ്ധ്യമായി മാറുകയും ചെയ്തു. ഇസ്രായേലിനെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണങ്ങളിലെ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

ഹിസ്ബുളളയുടെ തലവൻ കൊല്ലപ്പെട്ടു, ഞങ്ങളുടെ നയം വ്യക്തമാണ്.ഹിസ്ബുളളയെ തകർക്കാൻ എല്ലാവിധ ശക്തികളും ഞങ്ങൾ പ്രയോഗിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയതാണ് അദ്ദേഹം. 'ഞങ്ങൾ പ്രവൃത്തിയിലൂടെയാണ് സംസാരിക്കുക അല്ലാതെ വാക്കുകളിലൂടെ അല്ല, ആരും ആശയക്കുഴപ്പത്തിലാകേണ്ട. ഞങ്ങളുടെ ആളുകളെ സുരക്ഷിതമാക്കാനായി ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ല'- നെതന്യാഹു എക്സിൽ കുറിച്ചു.