
കൊല്ലം: കൺസെക്ഷൻ, എമർജൻസി ടിക്കറ്റുകളിൽ തിരിമറി കാണിക്കുന്നവർ സൂക്ഷിക്കുക, ടിക്കറ്റ് പരിശോധന കർശനമാക്കാൻ സ്‌പെഷ്യൽ ഡ്രൈവുമായി ദക്ഷിണ റെയിൽവേ. മുതിർന്ന പൗരന്മാർ, കാൻസർ രോഗികൾ തുടങ്ങിയവർക്കുള്ള പ്രത്യേക ക്വാട്ടകൾ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി വ്യാപാകമായതോടെയാണ് സ്പെഷ്യൽ ഡ്രൈവിന് റെയിൽവേ ഉത്തരവിറക്കിയത്.
പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ഡയറക്ടർ ശിവേന്ദ്ര ശുക്ല കേരളത്തിലേതുൾപ്പെടെ എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്‌സ്യൽ മാനേജർമാർക്ക് അടിയന്തര നിർദ്ദേശം നൽകി. ഒക്ടോബർ 1 മുതൽ 15 വരെ, 25 മുതൽ നവംബർ 10 വരെ എന്നിങ്ങനെ രണ്ട് ഘട്ടമായിട്ടാണ് പരിശോധന. ടി.ടി.ഇമാർ നടത്തുന്ന പരിശോധനയ്ക്ക് പുറമേയാണിത്. ജനറൽ, ലേഡീസ് കമ്പാർട്ട്‌മെന്റുകൾ, സ്ലീപ്പർ, സെക്കൻഡ് ക്ലാസ്, എ.സി കോച്ചുകൾ, സ്‌റ്റേഷൻ പരിസരം എന്നിവിടങ്ങളിലും സ്‌പെഷ്യൽ സ്‌ക്വാഡുകൾ രംഗത്തുണ്ടാകും.
ക്രമക്കേട് കണ്ടെത്തുന്നവരിൽ നിന്ന് 1989ലെ റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടികളാകും സ്വീകരിക്കുക. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പരിശോധന നടത്തി ഡിവിഷൻ - സോണൽ തലത്തിലുള്ള റിപ്പോർട്ട് നവംബർ 18നുള്ളിൽ പാസഞ്ചർ മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടർക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ടിക്കറ്റില്ലാതെയുള്ള യാത്രക്കാർ വർദ്ധിച്ചു
റിസർവ്ഡ് കോച്ചുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവർ വർദ്ധിച്ചു
അതിനാൽ മറ്റ് കോച്ചുകളേക്കാൾ പരിശോധനയ്ക്ക് പ്രാമുഖ്യം
അനധികൃത യാത്രക്കാരെ കണ്ടെത്തി പിഴ ഈടാക്കും
ടിക്കറ്റിലെ തിരിമറിയും കൂടി
ടിക്കറ്റില്ലെങ്കിൽ - പിഴ ₹ 1000
അല്ലെങ്കിൽ 6 മാസം തടവ് (രണ്ടും കൂടിയോ)
കുറഞ്ഞ പിഴ ₹ 500
ടിക്കറ്റ് കൈമാറ്റം - പിഴ ₹ 10000
അല്ലെങ്കിൽ 3 വർഷം തടവ് (രണ്ടും കൂടിയോ)
മറ്റ് നിർദ്ദേശങ്ങൾ
ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കണം
കൗണ്ടറുകളുടെ പ്രവർത്തനം ശരിയാണെന്ന് ഉറപ്പാക്കണം
എ.ടി.വി.എം മെഷീനുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ലളിതമാക്കണം
അംഗീകൃത ഏജന്റുമാർ വഴിയും യു.ടി.എസ് മൊബൈൽ ആപ്പ്, ഐ.ആർ.സി.ടി.സി ആപ്പ് എന്നിവ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവബോധം പ്രചരിപ്പിക്കാൻ സ്‌റ്റേഷനിലെ ശബ്ദസംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം.
റെയിൽവേ അധികൃതർ