
കാൺപൂർ: ഇന്ത്യ-ബംഗ്ളാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിനിടെ കാണികൾക്കിടയിൽ സംഘർഷം. 'ടൈഗർ റോബി' എന്നറിയപ്പെടുന്ന ബംഗ്ളാദേശ് ആരാധകന് നേരെയാണ് ചിലർ ആക്രമണം നടത്തിയതെന്നാണ് സൂചന. ദേഹമാകെ കടുവയുടെ പോലെ പെയിന്റ് ചെയ്‌ത ബംഗ്ളാദേശ് സൂപ്പർ ആരാധകനാണ് ടൈഗർ റോബി. ആരോഗ്യസ്ഥിതി മോശമായി കുഴഞ്ഞുവീണ റോബിയെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാണികളിൽ ചിലർ ചേർന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് റോബി പറഞ്ഞു. പുറത്തും അടിവയറ്റിലും മർദ്ദനമേറ്റെന്നും ശ്വസിക്കാൻ കഴിയുന്നില്ലായിരുന്നെന്നും റോഹി പറഞ്ഞു. എന്നാൽ റോബി പറഞ്ഞത് പൊലീസ് തള്ളിക്കളഞ്ഞു. ആരോഗ്യപ്രശ്‌നമുണ്ടാകും മുൻപ് ഇയാൾ ബംഗ്ളാദേശ് കൊടി വീശുന്നത് കണ്ടതായി റിപ്പോർട്ടുണ്ട്. ബംഗ്ളാദേശ് ടീമിനൊപ്പം യാത്ര ചെയ്യുന്ന റോബി ആദ്യ ടെസ്‌റ്റ് നടന്ന ചെന്നൈയിലും എത്തിയിരുന്നു.
അതേസമയം കാൺപൂരിൽ കനത്ത മഴയെ തുടർന്ന് ആദ്യദിനം കളി നേരത്തെ അവസാനിപ്പിച്ചു. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്‌റ്റിലേത് പോലെ താളം കണ്ടെത്താൻ പ്രയാസപ്പെട്ട ബംഗ്ളദേശ് ബാറ്റിംഗ് നിരയ്‌ക്ക് 35 ഓവറിൽ 107 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായി. 81 പന്തിൽ 40 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന മുൻ നായകൻ മോമിനുൾ ഹഖ് ആണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. സാക്കിർ ഹസൻ (0), ശദ്‌മാൻ ഇസ്ളാം (24), നായകൻ നജ്‌മുൽ ഹൊസൈൻ ഷാന്റോ (31) എന്നിവരാണ് പുറത്തായത്. മോമിനുളിനൊപ്പം മുഷ്‌ഫിക്കുർ റഹീം (6) ആണ് ക്രീസിൽ.
ഇന്ത്യയ്‌ക്കായി ബംഗാൾ താരം ആകാശ് ദീപ് 10 ഓവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും അശ്വിൻ ഒൻപത് ഓവറിൽ 22 റൺസ് വഴങ്ങി ഒരുവിക്കറ്റും നേടി.