
ലക്‌നൗ: സ്കൂളിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കുമായി രണ്ടാം ക്ലാസുകാരനെ ബലി നൽകി. സ്‌കൂൾ ഡയറക്ടറും അദ്ധ്യാപകരും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഹാഥ്റസിൽ കഴിഞ്ഞ 23നായിരുന്നു ക്രൂര കൊലപാതകം. രസ്ഗവാനിലെ ഡി.എൽ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയായ കൃതാർത്ഥാണ് (11) കൊല്ലപ്പെട്ടത്. സ്കൂൾ ഉടമ ജശോധൻ സിംഗ്, മകനും ഡയറക്ടറുമായ ദിനേഷ് ബാഗേൽ, പ്രിൻസിപ്പൽ ലക്ഷ്മൺ സിംഗ്, അദ്ധ്യാപകരായ രാംപ്രകാശ് സോളങ്കി, വീർപാൽ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ജശോധൻ സിംഗാണ് മുഖ്യ പ്രതിയെന്ന് പൊലീസ് അറിയിച്ചു. ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്ന ഇയാൾ സ്‌കൂളിന് വിജയമുണ്ടാകാൻ വിദ്യാർത്ഥിയെ ബലി നൽകണമെന്ന് എല്ലാവരേയും വിശ്വസിപ്പിക്കുകയായിരുന്നു.
സ്‌കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് ബലി നൽകണമെന്ന് അറിയിച്ചു. തുടർന്ന് പ്രതികൾ കുട്ടിയെ ഹോസ്റ്റലിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ഇതിനിടെ ഉണർന്ന കുട്ടി ഭയന്ന് നിലവിളിച്ചതോടെ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ കുട്ടിക്ക് സുഖമില്ലെന്നും പെട്ടെന്ന് സ്‌കൂളിലെത്തണമെന്നും വിദ്യാർത്ഥിയുടെ മാതാപിതാക്കളെ അറിയിച്ചു. പിന്നീട് നില ഗുരുതരമായതോടെ സദാബാദിലെ ആശുപത്രിയിലേക്ക് പോകുകയാണെന്ന് അറിയിച്ചു. മാതാപിതാക്കൾ ഡയറക്ടറുടെ കാർ പിന്തുടർന്ന് തടഞ്ഞ് പരിശോധിച്ചപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ അറിയിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇവർ മറ്റൊരു കുട്ടിയെ ബലി നൽകാൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രമം പരാജയപ്പെട്ടതോടെയാണ് കൃതാർത്ഥിനെ കൊലപ്പെടുത്തിയത്. അന്വേഷണത്തിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കൃതാർത്ഥിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.