railway

വാളയാർ: വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ പ്രതിദിനം നിരവധി യാത്രക്കാർ വന്നുപോവുന്ന വാളയാർ റെയിൽവേ സ്റ്റേഷനിൽ നിന്നുയരുന്നത് അവഗണനയുടെ നീണ്ട ചൂളംവിളികൾ. സംസ്ഥാന അതിർത്തിയിലുള്ള റെയിൽവേ സ്റ്റേഷനായ വാളയാറിൽ പേരിനു പോലും വികസനമെത്തുന്നില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. കാട്ടിടവഴിയും മണ്ണിട്ട റോഡുംതാണ്ടിവേണം റെയിൽവേ സ്റ്റേഷനിലേക്കെത്താൻ. ഇരുട്ടിയാൽ യാത്ര ദുരിതം നിറഞ്ഞതാകും.

ഇവിടെയുള്ള മേൽപാലം പലപ്പോഴും അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കും. അതിനാൽ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ പാളം കുറുകെ കടക്കണം. സ്റ്റേഷൻ എപ്പോഴും ഇരുട്ടടഞ്ഞ നിലയിലുമാണ്. കുരങ്ങുകളും പക്ഷികളും നിറഞ്ഞു ഭീകരാവസ്ഥയിൽ. ഒരു ഭാഗത്തു മാത്രമാണ് ഷീറ്റ് ഇട്ട് ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്. അതിനാൽ വെയിലും മഴയും കൊള്ളാതെ ട്രെയിൻ കാത്തു നിൽക്കാൻ പോലും കഴിയില്ല. ശുചിമുറി സൗകര്യവും സുരക്ഷിതമായി വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമില്ലെന്ന് യാത്രക്കാർ പരാതി പറയുന്നു.

സ്റ്റേഷനു സമീപമുള്ള മലബാർ സിമന്റ്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലേക്കു വരുന്നവരും അതിർത്തിയിൽ വ്യാപാരം ചെയ്യുന്നവരും സംസ്ഥാന അതിർത്തിയിലുള്ള കോളജുകളിലേക്കു പോവുന്ന വിദ്യാർത്ഥികളും ആശ്രയിക്കുന്നത് വാളയാർ റെയിൽവേ സ്റ്റേഷനാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിലെയും കോയമ്പത്തൂർ വ്യവസായ മേഖലയിലെയും തൊഴിലാളികളും ഇവിടുത്തെ സ്ഥിരം യാത്രക്കാരാണ്.


 കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണം

വരുമാനമുണ്ടെങ്കിലും വാളയാറിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും റെയിൽവേ അധികൃതർ തയ്യാറാകുന്നില്ല. തൊട്ടടുത്ത സ്റ്റേഷനുകളായ മധുക്കര, നവക്കര എന്നിവിടങ്ങളിൽ റെയിൽവേ കാട്ടാനകൾക്ക് സഞ്ചരിക്കാൻ അടിപ്പാത ഉൾപ്പെടെ ഒരുക്കുമ്പോഴാണ് ഇവിടെ ആന, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങൾ വിലസുന്ന ഒരു സ്റ്റേഷൻ അവഗണനയിൽ കഴിയുന്നത്. എ, ബി എന്നീ 2 ലൈനുകൾ കടന്ന് പോകുന്ന വാളയാറിൽ ചുരുക്കം ചില ട്രെയിനുകൾക്കെ സ്റ്റോപ്പുള്ളൂ. ഒട്ടേറെ ദീർഘദൂര ട്രെയിനുകൾ കടന്ന് പോകുന്ന എപ്പോഴും തിരക്കേറിയ റൂട്ടിലായിട്ടും വാളയാറിന് അവഗണനമാത്രം. പാലക്കാട് - കോയമ്പത്തൂർ പാസഞ്ചർ, കോയമ്പത്തൂരിലേക്കുള്ള മെമു, കോയമ്പത്തൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളും തിരുച്ചിറപ്പള്ളിയിലേക്കുള്ള എക്സ്പ്രസ് ട്രെയിനുകളുമാണ് വാളയാറിൽ നിർത്താറുള്ളത്.