actress

മുംബയ്: ബംഗ്ളാദേശ് നീലചിത്ര താരത്തെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി അറസ്റ്റ് ചെയ്‌തു. ആരോഹി ബർഡെ എന്ന പേരിൽ അറിയപ്പെടുന്ന റിയ ബർഡെയാണ് അറസ്റ്റിലായത്. മുംബയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിലുള്ള ഉല്ലാസ് നഗറിലെ ഹിൽ ലൈൻ പൊലീസ് ആണ് നടിയെ അറസ്റ്റ് ചെയ്‌തത്. ഇന്ത്യയിൽ താമസിക്കാൻ ആരോഹി വ്യാജ പാസ്‌പോർട്ടാണ് ഉപയോഗിച്ചിരുന്നത്.

അംബെർനാഥിൽ ഒരു ബംഗ്ളാദേശ് കുടുംബം താമസമുണ്ടെന്ന സൂചനകൾ പൊലീസിന് ലഭിച്ചു. ഇവരുടെ കൈയിലെ രേഖകളെല്ലാം വ്യാജമാണെന്നും വിവരം കിട്ടിയതോടെ അന്വേഷണം ആരംഭിച്ചു. റിയയ്‌ക്കും ഒപ്പമുള്ളവർക്കും ഇന്ത്യയിൽ താമസിക്കാൻ അമരാവതി സ്വദേശിയായ ഒരാൾ വ്യാജരേഖകൾ നിർ‌മ്മിച്ചുനൽകിയെന്നും കണ്ടെത്തി.

സംഭവത്തിൽ പങ്കുള്ള മറ്റ് നാലുപേർക്ക് വേണ്ടി അന്വേഷണം നടക്കുകയാണ്. ഇവരെ സഹായിച്ചയാളുടെ രക്ഷാകർത്താക്കൾ ഖത്തറിലാണെന്ന വിവരം കിട്ടിയിട്ടുണ്ട്. മുൻപ് വ്യാജ പാസ്‌പോർട്ട് നിർമ്മിച്ച് പാകിസ്ഥാനിലേക്ക് യാത്ര ചെയ്‌ത 23കാരിക്കെതിരെ മഹാരാഷ്‌ട്രയിലെ താനെയിൽ കേസ് എടുത്തിരുന്നു. നഗ്‌മ നൂർ മക്‌‌സൂദ് അലി എന്ന സ്‌ത്രീക്കെതിരെയാണ് കേസെടുത്തത്. സനം ഖാൻ എന്ന പേരുള്ള ഇവർ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവയുടെ വ്യാജരേഖകൾ പാസ്‌പോർട്ടിനായി സമർപ്പിച്ചു. ഇവർക്ക് വ്യാജരേഖ ചമച്ചുനൽകിയ ഒരാൾക്കെതിരെയും പൊലീസ് അന്വേഷണം ഉണ്ടായി.